തൃശൂർ : മദ്യപിച്ച് ചീട്ടു കളിക്കുന്നതിനിടെ അതിഥി തൊഴിലാളികൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടു.ഒഡീഷ സ്വദേശി പ്രിൻ്റു (ധനശ്യാം നായിക്ക്- 19 ) ആണ് മരിച്ചത്. സംഭവത്തിൽ പ്രതിയെ കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തു.
ഒറീസ സ്വദേശി ധരംബീർ സിംഗാണ് (29) അറസ്റ്റിലായത്. കഴിഞ്ഞ ദിവസം രാത്രി 9.30നാണ് കൊലപാതകം നടന്നത്. മദ്യലഹരിയിൽ ചീട്ടു കളിക്കുന്നതിനിടെ ഇരുവരും തമ്മിൽ തർക്കം ഉണ്ടാവുകയും ധരംബീർ സിംഗ് ബിയർ കുപ്പി പൊട്ടിച്ച് ധനശ്യാം നായിക്കിനെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. നെഞ്ചിലും വയറിൻ്റെ വലതു വശത്തും ഏറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണം.
സംഭവത്തിനുശേഷം രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് കുന്നംകുളം പൊലീസും പ്രത്യേക സ്ക്വാഡും ചേർന്ന് പിടികൂടിയത്. മുഖത്തുൾപ്പെടെ പരിക്കേറ്റ പ്രതിയെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.