

തൃശൂർ: വരാപ്പുഴ കൂനമ്മാവ് അഗതിമന്ദിരത്തിൽ വെച്ച് കൊലക്കേസ് പ്രതിയെ ക്രൂരമായി മർദിക്കുകയും ജനനേന്ദ്രിയം മുറിക്കുകയും ചെയ്ത സംഭവത്തിൽ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. അഗതിമന്ദിരം നടത്തിപ്പുകാരനായ പാസ്റ്റർ ഉൾപ്പെടെ മൂന്ന് പേരെയാണ് തൃശൂർ കൊടുങ്ങല്ലൂരിൽ വെച്ച് പോലീസ് കസ്റ്റഡിയിലെടുത്തത്.(Murder accused brutally beaten, 3 people including a pastor arrested)
അരൂർ സ്വദേശിയായ കൊലക്കേസ് പ്രതി സുദർശനാണ് (44) ക്രൂരമായ മർദനമേറ്റതിനെത്തുടർന്ന് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്നത്. പാസ്റ്റർ ഫ്രാൻസിസ് (65), ആരോമൽ, നിതിൻ എന്നിവരാണ് പിടിയിലായത്. കൂനമ്മാവിലെ ഇവാഞ്ചലോ കേന്ദ്രത്തിന്റെ ഉടമസ്ഥരെയും പോലീസ് ചോദ്യം ചെയ്യുകയാണ്.
വഴിയാത്രക്കാരെ ശല്യപ്പെടുത്തിയതിനെ തുടർന്ന് കൊച്ചി സെൻട്രൽ പോലീസാണ് 11 കേസുകളിലെ പ്രതിയായ സുദർശനെ അഗതിമന്ദിരത്തിലെത്തിച്ചത്. അഗതിമന്ദിരത്തിൽ വെച്ച് സുദർശൻ അക്രമം കാട്ടിയതിനെ തുടർന്നാണ് ഇയാളെ മർദിച്ചത് എന്നാണ് പോലീസ് പറയുന്നത്.
മർദനത്തെ തുടർന്ന് അവശനായ സുദർശനെ അഗതിമന്ദിരത്തിന്റെ വാഹനത്തിൽ കൊടുങ്ങല്ലൂരിലേക്ക് കൊണ്ടുവന്ന് വഴിയരികിൽ ഉപേക്ഷിക്കുകയായിരുന്നു. സുദർശനന്റെ കണ്ണ് കുത്തിപ്പൊട്ടിച്ച നിലയിലാണ്. കൂടാതെ, അക്രമികൾ കത്തികൊണ്ട് ശരീരത്തിൽ മുറിവേൽപ്പിക്കുകയും ജനനേന്ദ്രിയം മുറിക്കുകയും ചെയ്തിട്ടുണ്ട്.
അതിർത്തി തർക്കത്തെ തുടർന്ന് ചേർത്തലയിൽ മുനീർ എന്നയാളെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് സുദർശൻ. സംഭവത്തിൽ പോലീസ് കൊലപാതകശ്രമത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.