തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിലെ അന്വേഷണം തിരുവിതാംകൂർ ദേവസ്വം ബോർഡിലേക്ക് വ്യാപിപ്പിക്കുന്നു. കേസിലെ രണ്ടാം പ്രതി മുരാരി ബാബുവിനെ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം (എസ്.ഐ.ടി.) ഉടൻ അറസ്റ്റ് ചെയ്യും. ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണ് എസ്.ഐ.ടിയുടെ ഈ നീക്കം. അറസ്റ്റ് ഇന്നോ നാളെയോ ഉണ്ടാകുമെന്നാണ് സൂചന. പ്രതിപ്പട്ടികയിലുള്ള മറ്റ് ഉദ്യോഗസ്ഥർക്കെതിരെയും ഉടൻ നടപടിയുണ്ടാകും.(Murari Babu will be arrested in Sabarimala gold theft case)
കേസുമായി ബന്ധപ്പെട്ട് 2019-ലെ ദേവസ്വം ബോർഡ് മിനുട്സ് എസ്.ഐ.ടി. കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സ്വർണ്ണം പൂശാൻ തീരുമാനിച്ച യോഗത്തിൻ്റെ വിവരങ്ങൾ അടങ്ങിയതാണ് ഈ രേഖകൾ. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിൽ ഗൂഢാലോചന സംബന്ധിച്ച് ഗൗരവതരമായ പരാമർശങ്ങളുണ്ട്.
ദേവസ്വം മാന്വൽ ലംഘിച്ച് വിലപിടിപ്പുള്ള സ്വർണപ്പാളികൾ ഉദ്യോഗസ്ഥർ തന്നെ സംശയാസ്പദമായ സാഹചര്യമുള്ള ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറിയത് സംഘടിത കുറ്റകൃത്യം നടത്തിയതിനുള്ള തെളിവാണെന്ന് കോടതി പറയുന്നു.
30 കിലോ സ്വർണ്ണമുള്ള വിഗ്രഹങ്ങളെ 'ചെമ്പ് പാളി' എന്ന് രേഖപ്പെടുത്തി. 40 വർഷം വാറണ്ടിയുണ്ടായിട്ടും 2024-ൽ വിഗ്രഹങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായും സ്വർണപ്പാളി ഇളകിയതായും കണ്ടെത്തി. 2019-ലെ ക്രമക്കേട് മറച്ചുവെക്കാനായി 2024-ൽ വീണ്ടും അതേ പോറ്റിക്ക് തന്നെ പണി നൽകി. സന്നിധാനത്ത് വെച്ച് തന്നെ പണികൾ ചെയ്യണമെന്ന ക്ഷേത്രം തന്ത്രിയുടെ നിർദ്ദേശം അവഗണിക്കപ്പെട്ടു.
ചെന്നൈ സ്മാർട്ട് ക്രിയേഷൻസിന് ഈ സ്വർണ്ണപ്പണിയിലുള്ള സാങ്കേതിക വൈദഗ്ധ്യത്തിൽ ദേവസ്വം കമ്മീഷണർക്ക് തന്നെ സംശയം ഉണ്ടായിരുന്നു. എന്നാൽ, ഒരാഴ്ചകൊണ്ട് നിലപാട് മാറി. പണികൾ സ്പോൺസർ ചെയ്ത ഉണ്ണികൃഷ്ണൻ പോറ്റിയുടെ താൽപര്യപ്രകാരം പണികൾ വേഗത്തിൽ തീർക്കാൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ് നിർദേശിച്ചു എന്നും ഉത്തരവിലുണ്ട്.
2025-ൽ വീണ്ടും പാളികൾ കൈമാറിയപ്പോൾ, ഹൈക്കോടതിയുടെ അനുമതി വാങ്ങണമെന്ന 2023-ലെ ഉത്തരവ് അവഗണിക്കപ്പെട്ടു. ദേവസ്വം പ്രസിഡൻ്റിൻ്റെ നിർദേശപ്രകാരമാണ് നൽകിയതെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.
ദേവസ്വം മാന്വൽ ലംഘിച്ച് സ്വർണപ്പാളികൾ കൊടുത്തുവിട്ടത് സംഘടിത കുറ്റകൃത്യമാണെന്ന കോടതിയുടെ നിരീക്ഷണത്തെത്തുടർന്ന് നിലവിലെ ഭരണസമിതിയും അന്വേഷണ പരിധിയിൽ വരും. 2021-ലെ സ്വർണ്ണ പീഠം സ്വർണ്ണം പൂശിയതിലും ദുരൂഹത ചൂണ്ടിക്കാട്ടുന്നുണ്ട്. അന്വേഷണം ദ്വാരപാലക പാളിയിൽ മാത്രം ഒതുക്കരുതെന്നും പിന്നിലുള്ള വൻ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.