ശബരിമല സ്വർണ്ണക്കൊള്ള കേസ്: മുരാരി ബാബു SIT കസ്റ്റഡിയിൽ, ഇന്നലെ രാത്രി വീട്ടിലെത്തി കസ്റ്റഡിയിൽ എടുത്തു | Sabarimala

കസ്റ്റഡിയിലെടുത്ത മുരാരി ബാബുവിനെ തിരുവനന്തപുരത്തേക്ക് എത്തിച്ചു എന്നാണ് ലഭിക്കുന്ന വിവരം.
ശബരിമല സ്വർണ്ണക്കൊള്ള കേസ്: മുരാരി ബാബു SIT കസ്റ്റഡിയിൽ, ഇന്നലെ രാത്രി വീട്ടിലെത്തി കസ്റ്റഡിയിൽ എടുത്തു | Sabarimala
Published on

തിരുവനന്തപുരം: ശബരിമലയിലെ സ്വർണ്ണക്കൊള്ള കേസിൽ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസ‍ർ മുരാരി ബാബു സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം (SIT) കസ്റ്റഡിയിൽ. ഇന്നലെ രാത്രി 10 മണിയോടെയാണ് പെരുന്നയിലെ വീട്ടിൽ വെച്ച് ഇയാളെ കസ്റ്റഡിയിലെടുത്തത്. ദ്വാരപാലക ശിൽപ പാളികളും കട്ടിളയും കടത്തിയ കേസുകളിലും മുരാരി ബാബു പ്രതിയാണ്. നിലവിൽ സസ്പെൻഷനിലാണ് ഇദ്ദേഹം. കസ്റ്റഡിയിലെടുത്ത മുരാരി ബാബുവിനെ തിരുവനന്തപുരത്തേക്ക് എത്തിച്ചു എന്നാണ് ലഭിക്കുന്ന വിവരം.(Murari Babu in SIT custody on Sabarimala gold theft case)

കേസിൽ മുരാരി ബാബുവിന്റെ പങ്ക് വളരെ വ്യക്തമാണ്. ആരോപണങ്ങളെത്തുടർന്ന് ദേവസ്വം ബോർഡ് ആദ്യം നടപടിയെടുത്ത ഉദ്യോഗസ്ഥനും ഇദ്ദേഹമാണ്. 2019 മുതൽ 2024 വരെയുള്ള ഗൂഢാലോചനയിലെ പ്രധാന കണ്ണിയാണ് മുരാരി ബാബു. 2019-ൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായ മുരാരി ബാബുവിന്റെ കാലത്താണ് ദ്വാരപാലക ശിൽപങ്ങളിലും കട്ടിള പാളികളിലും സ്വർണം പൊതിഞ്ഞതിന് പകരം ചെമ്പ് പൊതിഞ്ഞത് എന്ന് രേഖപ്പെടുത്തിയത്. വ്യാജ രേഖ ചമച്ചതിന്റെ തുടക്കം മുരാരി ബാബുവിന്റെ കാലത്താണ് എന്നാണ് റിപ്പോർട്ട്.

ശബരിമലയിലെ സ്വർണ്ണപ്പാളി വിവാദത്തിൽ തനിക്ക് വീഴ്ചയിൽ പങ്കില്ലെന്നാണ് ബി. മുരാരി ബാബു ആവർത്തിച്ചിരുന്നത്. മഹസറിൽ ചെമ്പ് പാളിയെന്ന് രേഖപ്പെടുത്തിയത് തന്ത്രിയുടെ കത്തിന്റെ അടിസ്ഥാനത്തിലാണെന്നാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഡെപ്യൂട്ടി കമ്മീഷണറും വിവാദകാലത്തെ ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുമായിരുന്ന മുരാരി ബാബു നേരത്തെ പറഞ്ഞിരുന്നത്. താൻ നൽകിയത് പ്രാഥമിക റിപ്പോർട്ട് മാത്രമാണ്. പരിശോധനയ്ക്ക് ശേഷം അനുമതി നൽകുന്നത് തനിക്ക് മുകളിലുള്ള ഉദ്യോഗസ്ഥരാണെന്നും, ദ്വാരപാലകരിലും കട്ടിളയിലും നേരിയ തോതിലാണ് സ്വർണം പൂശിയതെന്നും, അതുകൊണ്ടാണ് ചെമ്പ് തെളിഞ്ഞതെന്നും മുരാരി ബാബു വിശദീകരിച്ചിരുന്നു.

അതേസമയം, കേസിൽ പ്രത്യേക അന്വേഷണ സംഘം സാക്ഷികളുടെ മൊഴിയെടുപ്പ് ഇന്നും തുടരും. സന്നിധാനത്ത് നിന്ന് സ്വർണ്ണ പാളികൾ കൊണ്ടുപോകുമ്പോൾ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നവരുടെ മൊഴിയെടുപ്പാണ് ഇപ്പോൾ നടക്കുന്നത്. ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരുടെ മൊഴിയെടുപ്പും ഇന്ന് മുതൽ ആരംഭിക്കുമെന്നാണ് സൂചന. ഈ മാസം 30 വരെയാണ് ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ കസ്റ്റഡി കാലാവധി. ബെംഗളൂരു, ഹൈദരാബാദ്, ചെന്നൈ അടക്കമുള്ള സ്ഥലങ്ങളിൽ ഉടൻ തെളിവെടുപ്പ് നടത്തും. പോറ്റിയുടെ കൈവശം സ്വർണ്ണക്കൊള്ളയിലെ ലാഭം ഉപയോഗിച്ച് വാങ്ങിയ സ്വർണനാണയങ്ങൾ അടക്കം ഉണ്ടെന്നാണ് അന്വേഷണസംഘം വ്യക്തമാക്കുന്നത്. ഇത് സംബന്ധിച്ച പരിശോധനകളും തുടരും. വീട്ടിൽ നേരത്തെ നടത്തിയ പരിശോധനയിൽ രണ്ട് ലക്ഷം രൂപ അടക്കം പോലീസ് കണ്ടെത്തിയിട്ടുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com