
കൊച്ചി: മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാൻ എന്ന സിനിമ ചില്ലറ വിവാദങ്ങൾ അല്ല സംസ്ഥാനത്ത് ഉണ്ടാക്കിയത്. സിനിമ വിവാദത്തിൽ പെട്ടതോടെ ഏറ്റവും കൂടുതൽ സൈബർ ആക്രമണം നേരിട്ടവരിൽ ഒരാളാണ് സിനിമയുടെ തിരകഥാകൃത്ത് മുരളി ഗോപി. സംഘ്പരിവാറിന്റെ പ്രതിഷേധം കനത്തതോടെ ഖേദപ്രകടനവുമായി നടൻ മോഹൻലാൽ അടക്കമുള്ളവർ രംഗത്ത് വന്നപ്പോഴും ചിത്രത്തിന് കഥയെഴുതിയ മുരളി ഗോപി ഒരു പ്രതികരണത്തിനും തയാറായിരുന്നില്ല.
എമ്പുരാൻ സിനിമ കാരണം പ്രിയപ്പെട്ടവർക്കുണ്ടായ മനോവിഷമത്തിൽ ഖേദമുണ്ടെന്നും വിവാദ രംഗങ്ങൾ നീക്കം ചെയ്യുമെന്നും സിനിമയിലെ നായകൻ മോഹൻലാൽ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. ഈ പോസ്റ്റ് സംവിധായകൻ പൃഥ്വിരാജ് ,നിർമാതാവ് ആന്റണി പെരുമ്പാവൂർ തുടങ്ങി സിനിമയുമായി ബന്ധപ്പെട്ട പലരുവും പങ്കുവെക്കുകയും ചെയ്തിരുന്നു.
വിവാദങ്ങൾ കടുത്തതിന് പിന്നാലെ സിനിമ റീ സെൻസർ ചെയ്താണ് ഇപ്പോൾ തീയറ്ററുകളിൽ പ്രദർശനം തുടരുന്നത്. എന്നാൽ സിനിമ റീ സെൻസർ ചെയ്യുന്നതിൽ മുരളി ഗോപിക്ക് അതൃപ്തിയുണ്ടെന്ന അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു. വിവാദങ്ങൾ കത്തുന്നതിനിടെ ഫേസ്ബുക്കിൽ ഈദ് ആശംസകൾ നേരുന്ന പോസ്റ്റാണ് പിന്നീട് കണ്ടത്. ഖേദപ്രകടനം കാത്തിരുന്നവർ നിരാശരായതോടെ രൂക്ഷമായ സൈബർ ആക്രമണമാണ് മുരളി ഗോപിക്ക് നേരെ തുടർന്ന് കൊണ്ടിരിക്കുന്നത്.
അങ്ങനെ, വിവാദങ്ങൾ രൂക്ഷമായതിനു പിന്നാലെ ഏറെകുറേ തന്റെ നിലപാട് വ്യക്തമാക്കുന്ന തരത്തിലാണ് മുരളി ഗോപി ഇപ്പോൾ ഒരു ചിത്രം ഫേസ്‌ബുക്കിൽ കവർ ആയി മാറ്റിയത്.തൂലികയും മഷിക്കുപ്പിയും ചേർത്തൊരു ചിത്രമാണ് മുരളി ഗോപി ഫേസ്‌ബുക്കിൽ ഇട്ടത്.ഇതോടെ , നിരവധി പേരാണ് പോസ്റ്റിന് കമന്റുമായി രംഗത്തെത്തിയിരിക്കുന്നത്. തൂലിക പടവാളാണെന്നും എഴുത്ത് ഇനിയും തുടരുമെന്നുമുള്ള മുന്നറിയിപ്പാണ് മുരളി ഗോപി നൽകിയതെന്ന തരത്തിലുള്ള കമന്റുകളാണ് നിറയുന്നത്.