

തിരുവനന്തപുരം: ശബരിമലയിലെ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട വിവാദത്തിൽ മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ രൂക്ഷവിമർശനവുമായി ബിജെപി നേതാവ് വി. മുരളീധരൻ (V Muraleedharan). ശബരിമലയിൽ നടന്ന സ്വർണ്ണക്കൊള്ളയുടെ പൂർണ്ണമായ ഉത്തരവാദിത്തം മുൻ മന്ത്രി ഏറ്റെടുക്കണമെന്നും, വകുപ്പ് മന്ത്രി അറിയാതെ ഇത്രയും വലിയൊരു തിരിമറി ദേവസ്വം ബോർഡിൽ നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ സംസ്ഥാന ഏജൻസിയുടെ അന്വേഷണം തൃപ്തികരമല്ലെന്നും കേസ് ഉടൻ സിബിഐക്ക് വിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വിഎസ്എസ്‌സിയിൽ (VSSC) നടത്തിയ ശാസ്ത്രീയ പരിശോധനയിൽ ശബരിമലയിലെ സ്വർണ്ണപ്പാളികൾ മോഷ്ടിക്കപ്പെട്ടതായി തെളിഞ്ഞിട്ടും നാലു മാസമായിട്ടും കുറ്റപത്രം സമർപ്പിക്കാത്തത് ദുരൂഹമാണെന്ന് മുരളീധരൻ ആരോപിച്ചു. ഉണ്ണികൃഷ്ണൻ പോറ്റി ഉൾപ്പെടെയുള്ള ഉന്നതരെ സംരക്ഷിക്കാനാണ് സർക്കാർ നീക്കം നടത്തുന്നത്. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള തെളിവുകൾ ഉണ്ടായിട്ടും അന്വേഷണം അട്ടിമറിക്കപ്പെടുകയാണെന്നും സിപിഐഎം-കോൺഗ്രസ്സ് ധാരണയോടെയാണ് ഈ വലിയ കൊള്ള നടന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
നിലവിലെ പ്രത്യേക അന്വേഷണ സംഘം കേസ് വഴിതിരിച്ചുവിടാനാണ് ശ്രമിക്കുന്നത്. രണ്ട് ദേവസ്വം ബോർഡ് പ്രസിഡന്റുമാരെ ജയിലിലടച്ചിട്ടും തുടർ നടപടികൾ ഇല്ലാത്തത് അന്വേഷണം പ്രഹസനമാണെന്ന് തെളിയിക്കുന്നു. 90 ദിവസം കഴിയുമ്പോൾ പ്രതികൾ പുറത്തിറങ്ങുന്ന സാഹചര്യമുണ്ടായാൽ കേസ് ആവിയാകുമെന്നും മുരളീധരൻ പറഞ്ഞു. അരിയാഹാരം കഴിക്കുന്ന ആരും വിശ്വസിക്കാത്ത ന്യായങ്ങളാണ് സർക്കാർ നിരത്തുന്നത്. അതിനാൽ കേന്ദ്ര ഏജൻസി തന്നെ ഈ കേസ് അന്വേഷിക്കണമെന്നും അദ്ദേഹം തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
BJP leader V. Muraleedharan has demanded that former Devaswom Minister Kadakampally Surendran accept responsibility for the gold theft at Sabarimala. Asserting that such a massive heist could not have happened without the knowledge of the department minister, Muraleedharan criticized the SIT for its failure to file a chargesheet despite forensic evidence confirming the theft. He alleged a CPM-Congress nexus in sabotaging the probe and reiterated the call for a CBI investigation to ensure justice.