
ഈരാറ്റുപേട്ട : ഈരാറ്റുപേട്ട മുൻസിപ്പാലിറ്റിയിലെ ഓവർസിയർ കൈക്കൂലി കേസിൽ വിജിലൻസ് പിടിയിൽ.തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശിയായ ജയേഷിനെയാണ് പിടികൂടിയത്. കോട്ടയം മീനച്ചിൽ സ്വദേശിയുടെ പരാതിയിലാണ് വിജിലൻസ് നടപടി.
പുതുതായി പണി കഴിപ്പിക്കുന്ന കെട്ടിടത്തിന് പെർമിറ്റ് അനുവദിക്കുന്നതിനായി ഏപ്രിൽ ഒൻപതിന് ഈരാറ്റുപേട്ട മുൻസിപ്പാലിറ്റിയിൽ പരാതിക്കാരൻ ഓൺലൈനായി അപേക്ഷ സമർപ്പിച്ചിരുന്നു. തുടർന്ന് ജയേഷ് സ്ഥല പരിശോധന നടത്തിയ ശേഷം പെർമിറ്റ് അനുവദിക്കുന്നതിന് 5000 രൂപ കൈക്കൂലി നൽകണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
കൈക്കൂലി പണം നൽകാത്തതിനാൽ അപേക്ഷ ജയേഷ് തിരിച്ചയച്ചു. എന്നാൽ ജൂലൈ അഞ്ചിന് മുൻസിപ്പാലിറ്റിയിലെത്തിയ പരാതിക്കാരനെ ജയേഷ് നേരിൽ കണുകയും പെർമിറ്റ് രേഖകൾ വാട്ട്സാപ്പിൽ അയച്ച് കൊടുത്ത ശേഷം വീണ്ടും കൈക്കൂലി ആവശ്യപ്പെടുകയുമായിരുന്നു.
നിർദേശാനുസരണം ഫോണിൽ വിളിച്ച പരാതിക്കാരനോട് ജയേഷ് തന്റെ സുഹൃത്തിന്റെ ഗൂഗിൾപേയിൽ 3000 രൂപ അയക്കുന്നതിനായി ആവശ്യപ്പെട്ടു. കൈക്കൂലി നൽകി കാര്യം സാധിക്കാൻ താല്പര്യമില്ലാത്ത പരാതിക്കാരൻ ഈ വിവരം കോട്ടയം വിജിലൻസ് കിഴക്കൻ മേഖല പോലീസ് സൂപ്രണ്ടിനെ അറിയിക്കുകയും ചെയ്‌തു.
ഇന്ന് വൈകുന്നേരം ഈരാറ്റുപേട്ട മുൻസിപ്പാലിറ്റി ഓഫീസിലെത്തിയ പരാതിക്കാരൻ 3000 രൂപ ഗൂഗിൾപേ വഴി അയച്ച് നൽകി. ഇതേത്തുടർന്ന് വിജിലൻസ് സംഘം ജയേഷിനെ പിടികൂടുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ കോട്ടയം വിജിലൻസ് കോടതിയിൽ ഹാജരാക്കും.