
ജൂലൈ 29, കഴിഞ്ഞ രണ്ടു ദിവസമായി കലിതുള്ളി മഴ പെയ്യുന്നുണ്ട്. രണ്ടു ദിവസം കൊണ്ട് പെയ്തിറങ്ങിയത് ഇരുനൂറ് മില്ലിലിറ്ററിൽ അധികം മഴയാണ്. കനത്ത മഴയെ തുടർന്ന് വയനാട്ടിൽ ഓറഞ്ച് അലർട്ടായിരുന്നു. അതിനാൽ തന്നെ ജില്ലയിലെ പല ഇടങ്ങളിലും ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജമായിരുന്നു. മേപ്പാടി പഞ്ചായത്തിലെ മലയോര ഗ്രാമങ്ങളായ പുഞ്ഞിരിമറ്റം, അട്ടമല, മുണ്ടക്കൈ എന്നിവിടങ്ങളിലെ പ്രദേശവാസികളോട് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറാൻ അധികൃതർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ക്യാമ്പിൽ പോകാതെ സ്വതം വീടുകളിൽ തന്നെയായിരുന്നു ഭൂരിഭാഗം മനുഷ്യരും കഴിഞ്ഞത്. മഴ ചതിക്കില്ല എന്ന വിശ്വാസം അവരെ സ്വന്തം മണ്ണിൽ തന്നെ പിടിച്ചുനിർത്തി. (Mundakkai-Chooralmala landslides)
രാത്രി ഏറെ വൈകിയിട്ടും മഴ തോരാതെ പെയ്യുന്നുണ്ടായിരുന്നു. നേരം പുലരുമ്പോൾ മഴക്ക് ശമനം ഉണ്ടാകുമെന്ന് കരുതി. നാളെയുടെ ആകുലതകളും പ്രതീക്ഷകളും പേറി ആ മലയോര ഗ്രാമങ്ങൾ പതിയെ മയങ്ങി തുടങ്ങി. സമയം, അർദ്ധരാത്രി 12 മണി കഴിഞ്ഞിരുന്നു, വെള്ളാർമലയിലെ പുഞ്ഞിരിമറ്റത് ഭൂമിപിളരും പോലൊരു ഒച്ച ഉണ്ടാകുന്നു. പലരും നല്ല ഉറക്കത്തിലായിരുന്നതിനാൽ ഇത് അധികം ആരുടെയും ശ്രദ്ധയിൽപ്പെട്ടില്ല. പുഞ്ചിരിമട്ടം മേഖലയിലെ മലമുകളിൽ മണ്ണിടിച്ചിലുണ്ടായി. എന്നാൽ ഇതൊന്നും താഴെ മലയോരത്തുള്ള ആരും അറിഞ്ഞിട്ടുണ്ടായിരുന്നില്ല. എല്ലാവരും എല്ലാം അറിഞ്ഞു ഉണർന്നപ്പോഴേക്കും സമയം ഏറെ വൈകിയിരുന്നു. രാത്രി ഒരു മണിയോടെ മണ്ണിടിച്ചിൽ വലിയ ഉരുൾ പൊട്ടലായി മാറുന്നു. വനറാണി എസ്റ്റേറ്റിനോട് ചേർന്ന വനമേഖലയിലാണ് ഉരുൾ പൊട്ടലുണ്ടായത്.
തങ്ങൾക്ക് ചുറ്റും എന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിലാകുന്നതിന് മുൻപ് തന്നെ മലവെള്ളം പാഞ്ഞെത്തിയിരുന്നു. അരമണിക്കൂർ കൊണ്ട് പുഞ്ഞിരിമറ്റതു നിന്നും അഞ്ചു കിലോമീറ്റർ അകലെയുള്ള മുണ്ടക്കൈയിൽ ഉരുൾപൊട്ടിയെത്തുന്നു. നിമിഷ നേരം കൊണ്ട് മുണ്ടക്കൈയും ചിന്നഭിന്നമായി. ഉരുൾപൊട്ടിയതാണ് എന്ന് മനസ്സിലായ പലരും ജീവനും കൊണ്ട് വീടുകളുടെ മുകളിലും ഉയർന്ന പ്രദേശങ്ങളിലും അഭയം തേടി. നിമിഷ നേരം കൊണ്ടാണ് പ്രദേശത്തെ വൈദ്യൂതി ബന്ധം പൂർണമായും നഷ്ടപ്പെടുന്നത്. എന്നിരുന്നാലും ഇരുട്ടിൽ രക്ഷപ്പെടുത്താൻ പറ്റുന്നവരെയൊക്കെയും രക്ഷപെടുത്താൻ ശ്രമം നടത്തുന്നു. എന്നാൽ ഇടുത്തി എന്ന പോലെ വീണ്ടും, 4. 10 ന് മുണ്ടകൈയിൽ രണ്ടാമതും ഉരുൾ പൊട്ടുന്നു.
മലവെള്ളവും പാറക്കൂട്ടവും തീവ്രശക്തിയോടെ ഒഴുകിയെത്തി. ആദ്യം ഉരുൾപൊട്ടിയപ്പോൾ വെള്ളം കയറാത്തിടത്തെല്ലാം മലവെള്ളം കയറി. കണ്ണിൽ കണ്ടതിനെയൊക്കെയും മലവെള്ളം കൂടെ കൊണ്ടുപോയി. ഒറ്റക്കുതിപ്പിന് നൂറോളം വീടുകൾ പൂർണമായും ഇല്ലാതെയായി. മുണ്ടക്കൈ പുഴ ദിശമാറി ഒഴുകി. മുണ്ടക്കൈ യുപി സ്കൂളും വെള്ളാർമല ഗവൺമെന്റ് വൊക്കേഷണൽ എച്ച്എസ്എസും ഉരുൾപൊട്ടലിൽ തകർന്നടിഞ്ഞു. ഉരുളൽ പാറക്കലുകളുടെ പ്രഹരത്തിൽ അവശേഷിച്ച പലതും ഇല്ലാതെയാകുന്നു. ചൂരലമല മുണ്ടക്കൈ റോഡുകൾ പൂർണമായും തകരുന്നു. പുന്നപുഴ പാലവും നിലംപൊത്തി. അതോടെ രക്ഷാപ്രവർത്തനം ദുസ്സഹമായി തീർന്നു. പുഴമുറിച്ച് കടക്കുക എന്നത് കഠിന ദൗത്യമായി. നേരം വെളുത്തപ്പോഴേക്കും പുന്നപുഴയുടെ ഓരത്തായി ചേതനയറ്റ ശവശരീരങ്ങൾ കണ്ടെത്തുകയുണ്ടായി.
ജനവാസ കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന ഏക പാലം തകർന്നതിനെത്തുടർന്ന് മുണ്ടക്കൈയിലും അട്ടമലയിലും ഏകദേശം 400 കുടുംബങ്ങൾ ഒറ്റപ്പെട്ടു. അതോടെ കാട്ടുവഴികളിലൂടെയായി രക്ഷാപ്രവർത്തനം. വൈകിട്ട് നാലുമണിയോടെയാണ് എൻഡിർ എഫ് സംഘം ഒഴുകിയെത്തിയ മരക്ഷണങ്ങൾ കൊണ്ട് ഒരു താത്കാലിക പാലം പണിയുന്നത്. അങ്ങനെ രക്ഷാപ്രവർത്തകർ മുണ്ടക്കൈയിലെത്തുന്നു, വൈകിട്ട് ആറുമണിയോടെ 400 ലേറെ പേരെ രക്ഷിച്ച് പുറത്തെത്തിക്കുന്നു. രാജ്യം കണ്ട ഏറ്റവും വലിയ രക്ഷാ ദൗത്യമാണ് ദുരന്തഭൂമിയില്‍ അരങ്ങേറിയത്. അഗ്നിരക്ഷാസേനയും പൊലീസും സൈന്യവും ദുരന്തനിവാരണ സേനയും നൂറുകണക്കിന് സന്നദ്ധഭടന്മാരും ചേർന്ന് ആയിരങ്ങളെ തിരികെ ജീവിതത്തിലേക്ക് പിടിച്ചുകയറ്റി. എന്നാൽ താത്കാലിക പാലവും തകരുന്നു. പ്രതീക്ഷകൾ പൂർണമായും അസ്തമിച്ചവേളയിലാണ് സൈന്യം ദുരന്തഭൂമിയിലെത്തുന്നത്. സൈന്യം ബെയ്‌ലി പാലം പണിതിരിക്കുന്നു. അതോടെ രക്ഷാപ്രവർത്തനത്തിന് വേഗം കൂടി.
എന്നാൽ, മറുവശത്ത് മരണസംഖ്യ വർധിച്ചുകൊണ്ടേയിരുന്നു. ചാലിയാർ നൊമ്പര കടലായി. ചേതനയറ്റ മനുഷ്യരുടെ ശരീരവും പേറി ചാലിയാർ ഒഴുകി. ദുരന്തത്തിന്റെ വ്യാപ്തി മനസിലാകുന്നത് ചാലിയാറിലൂടെ ഒഴുകിയെത്തി ശവശരീരളിലൂടെയാണ്. ചിതറിത്തെറിച്ച മൃതദേഹങ്ങളുമായി മരണപ്പുഴയായി നിറഞ്ഞൊഴുകിയ ചാലിയാർ പോത്തുകല്ല്, ഇരുട്ടുകുത്തി, അമ്പുട്ടാൻപൊട്ടി, കുനിപ്പാല, മച്ചിക്കൈ, ഭൂദാനം, വെള്ളിലമാട്, മുണ്ടേരി കമ്പിപ്പാലം, പനങ്കയം തുടങ്ങി വിവിധ കടവുകളിലാണ് ചിതറിത്തെറിച്ച മൃതദേഹങ്ങൾ ഒഴുകിയെത്തിയത്. തിരിച്ചറിയാൻ പോലും കഴിയാതെ രീതിയിലാണ് ഓരോ കടവിലും ചേതനയറ്റ ശരീരങ്ങൾ അടിഞ്ഞു കൂടിയത്. ഒരു നാടിൻറെ കണ്ണീർ എന്ന പോലെ ഇന്നും ചാലിയാർ ഒഴുക്കുന്നു, മൗനമായി. ചാലിയാർ, നിലമ്പൂർ തുടങ്ങി വിവിധ ഭാഗങ്ങളിൽ നിന്നായി 223 ശരീര ഭാഗങ്ങൾ കണ്ടെത്തി. മരിച്ചവരിൽ 99 പേരെ ഡിഎൻഎ പരിശോധനയിലൂടെയാണ് തിരിച്ചറിഞ്ഞത്.
420-ലധികം പേർ കൊല്ലപ്പെടുകയും 397 പേർക്ക് പരിക്കേൽക്കുകയും ചെയ്ത ഈ ഉരുൾപൊട്ടൽ കേരളത്തിന്റെ ഉണങ്ങാത്ത മുറിവായി. പതിനേഴ് കുടുംബങ്ങങ്ങളിലെ എല്ലാ മനുഷ്യർക്കും ജീവൻ നഷ്ട്ടപ്പെട്ടു. തേയില, ഏലം എസ്റ്റേറ്റ് തൊഴിലാളികളാണ് കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും. രക്ഷപ്പെട്ടവരിൽ, കുറഞ്ഞത് അഞ്ച് കുട്ടികൾക്ക് മാതാപിതാക്കളെ നഷ്ടപ്പെട്ടു, മറ്റ് ആറ് പേർക്ക് ദുരന്തത്തിൽ അച്ഛനെയോ അമ്മയെയോ നഷ്ടപ്പെട്ടു. ഔദ്യോഗിക കണക്കുകൾ പ്രകാരം 298 പേർക്കാണ് ജീവൻ നഷ്ട്ടമായത്. ഇതില്‍ 32 പേരെ ഇനിയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
തോരാതെ പെയ്ത മഴ നിമിഷ നേരം കൊണ്ടാണ് ഒരു ജനതയെ തച്ചുടച്ചത്. ഒരു നാടിനെയാകെ ഭൂപടത്തില്‍ നിന്ന് തുടച്ചു നീക്കപ്പെട്ടു. ചൂരല്‍മലയും മുണ്ടക്കൈയും എന്നേക്കുമായി ഓർമ്മയി തീർന്നു. മഹാ ദുരന്തം അരങ്ങേറി ഒരു വർഷങ്ങൾക്ക് ഇപ്പുറം മുണ്ടകൈയും ചൂരൽ മലയും അതിജീവനത്തിന്റെ പാതയിലാണ്. ഇന്ന്, ചൂരൽമലയുടെ താഴ്‌വര വീണ്ടും പച്ചപുതച്ചു തുടങ്ങി, ചാലിയാർ നിശബ്ദമായി ഒഴുകുന്നു. എന്നാൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ ഉള്ളിലെ മുറിവ് ഇന്നും ഉങ്ങിയിട്ടില്ല.