
കൽപ്പറ്റ: മുണ്ടക്കൈ-ചൂരല്‍മല ദുരന്ത പുനരധിവാസത്തിനായി എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ കണ്ടെത്തിയ ഭൂമിയിലെ കുഴിക്കൂര്‍ (കൃഷി) വിലനിര്‍ണ്ണയ സര്‍വ്വെ അഞ്ച് ദിവസത്തിനുള്ളിൽ പൂര്‍ത്തീകരിക്കും. മുണ്ടക്കൈ-ചൂരല്‍മല ടൗണ്‍ഷിപ്പ് സ്‌പെഷല്‍ ഓഫീസര്‍ ഡോ. ജെ ഒ അരുണ്‍, എഡിഎം കെ ദേവകി, എല്‍എ ഡെപ്യൂട്ടി കളക്ടര്‍ പി.എം കുര്യന്‍, സ്‌പെഷല്‍ തഹസില്‍ദാര്‍ ബി. പ്രശാന്ത് എന്നിവരുടെ നേതൃത്വത്തില്‍ റവന്യൂ ഇന്‍സ്‌പെക്ടര്‍/വിലേജ് ഓഫീസര്‍ ടീം ലീഡറും രണ്ട് ക്ലര്‍ക്ക്, രണ്ട് വില്ലേജ്മാന്‍, വനം- കൃഷി വകുപ്പ് ജീവനക്കാര്‍, സര്‍വ്വെ ഉദ്യോഗസ്ഥര്‍ എന്നിവരെ ഉള്‍പ്പെടുത്തി 10 സംഘങ്ങളായി തിരിഞ്ഞാണ് സര്‍വ്വെ നടക്കുന്നത്.
ഒരു ടീം അഞ്ച് ഹെക്ടര്‍ സ്ഥലം മാര്‍ക്ക് ചെയ്ത് നല്‍കും. പുനരധിവാസത്തിനും നിര്‍മ്മാണത്തിനും അനുയോജ്യമല്ലാത്ത ഭാഗം ഒഴിവാക്കിയിട്ടുള്ള സ്ഥലമാണ് ടൗണ്‍ഷിപ്പിനായി ഏറ്റെടുക്കുക. പുനരധിവാസ പ്രവൃത്തിക്കായി ഏറ്റെടുക്കാത്ത ഭൂമിയില്‍ പ്ലാന്റേഷന്‍ മുന്നോട്ടു കൊണ്ടുപോകാന്‍ അനുമതി നല്‍കും.