കൊച്ചി: മുനമ്പത്തെ വിവാദ ഭൂമിയുടെ റവന്യൂ അവകാശങ്ങൾ പുനസ്ഥാപിക്കണമെന്ന ജില്ലാ കളക്ടറുടെ ഉത്തരവ് സ്റ്റേ ചെയ്ത ഹൈക്കോടതി നടപടിക്കെതിരെ മുനമ്പം ഭൂസംരക്ഷണ സമിതി അപ്പീൽ നൽകി. സിംഗിൾ ബെഞ്ചിന്റെ ഉത്തരവിനെതിരെ ഡിവിഷൻ ബെഞ്ചിനെയാണ് സംരക്ഷണ സമിതി സമീപിച്ചിരിക്കുന്നത്.(Munambam land dispute, Appeal filed in High Court)
മുനമ്പത്തെ താമസക്കാരുടെ റവന്യൂ അവകാശങ്ങൾ പൂർണ്ണമായും പുനസ്ഥാപിക്കണമെന്ന് എറണാകുളം ജില്ലാ കളക്ടർ ഉത്തരവിട്ടിരുന്നു. എന്നാൽ, കൊച്ചി സ്വദേശികളായ ചിലർ നൽകിയ ഹർജി പരിഗണിച്ച സിംഗിൾ ബെഞ്ച് ഈ ഉത്തരവ് സ്റ്റേ ചെയ്തു. ഇതോടെയാണ് ഭൂസംരക്ഷണ സമിതി അപ്പീലുമായി രംഗത്തെത്തിയത്.
മുനമ്പം ഭൂമി സംബന്ധിച്ച് നേരത്തെ സുപ്രീം കോടതിയിൽ നിന്നുണ്ടായ അനുകൂല ഉത്തരവുകൾ അപ്പീലിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മുനമ്പത്തെ ജനങ്ങളുടെ കാര്യത്തിൽ തൽസ്ഥിതി തുടരണമെന്ന് കോടതികൾ മുൻപ് വ്യക്തമാക്കിയിട്ടുള്ളതാണ്. അത് പ്രകാരം റവന്യൂ അവകാശങ്ങൾ പുനസ്ഥാപിക്കാൻ സർക്കാർ ബാധ്യസ്ഥമാണെന്ന് സംരക്ഷണ സമിതി വാദിക്കുന്നു.
നേരത്തെ ജസ്റ്റിസ് സി. ജയചന്ദ്രന്റെ ബെഞ്ച് നികുതി സ്വീകരിക്കാൻ അനുമതി നൽകിയിരുന്നെങ്കിലും, ഭൂമിയുടെ പോക്കുവരവ് നടത്താൻ അനുമതിയില്ലെന്ന് പിന്നീട് വ്യക്തത വരുത്തിയിരുന്നു. ഇത് ജനങ്ങളെ പ്രതിസന്ധിയിലാക്കുന്നു എന്നാണ് പരാതി.