
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ സർവകലാശാലകൾക്ക് ഒന്നിലധികം കാമ്പസുകളോടെ അനുമതി നൽകുന്നത് യു.ജി.സി ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് ആക്ഷേപം. സർവകലാശാല ആരംഭിച്ച് അഞ്ചുവർഷം കഴിഞ്ഞശേഷം മാത്രമേ സംസ്ഥാനത്തിനകത്തോ പുറത്തോ ഓഫ് കാമ്പസുകളോ സ്റ്റഡി സെന്ററുകളോ അനുവദിക്കാൻ പാടുള്ളൂ. ഇത് മറികടക്കാനാണ് മൾട്ടി കാമ്പസ് അനുവദിക്കാൻ ബില്ലിൽ വ്യവസ്ഥ ചെയ്തതെന്നാണ് ആക്ഷേപം. മൾട്ടി കാമ്പസ് എന്നതിന് നിർവചനം ബില്ലിലില്ല. സ്വകാര്യ സർവകലാശാലകൾ സംബന്ധിച്ച 2003ലെ യു.ജി.സി റെഗുലേഷൻ പ്രകാരം ഏകീകൃത സ്വഭാവത്തിൽ മാത്രമേ സർവകലാശാല തുടങ്ങാനാകൂവെന്ന് വ്യവസ്ഥ ചെയ്യുന്നു. സ്വകാര്യ സർവകലാശാലകൾക്ക് ഒരു കാമ്പസ് മാത്രമേ പാടുള്ളൂവെന്നാണ് ഇതിന്റെ സൂചന.
യു.ജി.സി ചട്ടങ്ങൾക്ക് വിരുദ്ധമായി പാസാക്കുന്ന സ്വകാര്യ സർവകലാശാല നിയമം അംഗീകരിക്കരുതെന്നാവശ്യപ്പെട്ട് സേവ് യൂനിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി ഗവർണർക്ക് നിവേദനം നൽകി.