തിരുവനന്തപുരം : വി എസ് അച്യുതാനന്ദന്‌റെ വിയോഗത്തിൽ അനുശോചിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. പാര്‍ട്ടിയുടെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും തന്‌റെ ജീവിതം സംഭാവനയായി നല്‍കിയ മനുഷ്യനാണ് വി എസ് അച്യുതാനന്ദന്‍ എന്ന് മന്ത്രി പറഞ്ഞു.
മുഹമ്മദ് റിയാസിന്റെ പ്രതികരണം....
വി എസിന്റെ വേർപാട് നികത്താനാവാത്തതാണ്. കമ്യൂണിസ്റ്റ് പാർട്ടിയുടെ ഓരോ ഘട്ടത്തിലെ വളർച്ചയുമായി ബന്ധപ്പെട്ട് കിടക്കുന്നതാണ് വി എസിന്റെ ജീവിതം. ഒട്ടേറെ പോരാട്ടങ്ങൾ നയിച്ചു , ഒരുപാട് ത്യാഗോജ്വലമായ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം കൊടുത്തു, ജയിൽവാസം അനുഭവിച്ചു, ഭീകര മർദ്ദനമേക്കേണ്ടിവന്നു.
ദീര്‍ഘകാലം പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയായും കേരളത്തിന്‌റെ മുഖ്യമന്ത്രിയായും പ്രതിപക്ഷ നേതാവായുമൊക്കെ വി എസ് നടത്തിയ ജനകീയ ഇടപെടലുകള്‍ ഒരു കാലത്തും മറക്കാനാകില്ല.പ്രതിപക്ഷ നേതാവായിരിക്കുന്ന സമയത്ത് ഒട്ടേറെ അഴിമതികൾ പുറത്തു കൊണ്ടുവരുന്നതിന് നേതൃത്വം കൊടുത്തതും അനീതിക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചതും നമ്മൾ കണ്ടതാണ്.
വി എസ് കേരളത്തിന്റെ മുഖ്യമന്ത്രിയായിരിക്കുന്ന സമയത്ത് കേരളത്തിലെ അധ്വാനിക്കുന്ന ജനവിഭാഗങ്ങൾക്ക് വേണ്ടി അദ്ദേഹം നടത്തിയ ഒട്ടേറെ ഇടപെടലുകൾ നമുക്ക് മുന്നിൽ മായാതെ കിടക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഭൂമിയിൽ മനുഷ്യനുള്ള കാലത്തോളം മായാത്ത നാമമാണ് സഖാവ് വി എസ്.