പാലക്കാട് : എംഎസ്എഫിനെതിരെ രൂക്ഷ വിമർശനവുമായി എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എസ് സഞ്ജീവ്. എംഎസ്എഫ് കേരളം കണ്ടിട്ടുള്ള ഏറ്റവും വലിയ വര്‍ഗീയവാദ സംഘടനയാണ്. കേരളം കണ്ട ഏറ്റവും വലിയ തെറ്റായ രാഷ്ട്രീയമാണ് എംഎസ്എഫ് കൈകാര്യം ചെയ്യുന്നത്.പാലക്കാട് സംഘടിപ്പിച്ച മുഹമ്മദ് മുസ്തഫ അനുസ്മരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു സഞ്ജീവ്.
ലക്ഷണമൊത്ത വർഗീയവാദ സംഘടനയാണ് എംഎസ്എഫ്. നിങ്ങളുടെ പേര് മുസ്‌ലിം സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ എന്നാണ്. പി.കെ നവാസ് ഒന്നാന്തരം വർഗീയവാദിയാണ്. ഇത് ഞങ്ങൾ എവിടെയും പറയും അതിന് നവാസിന്റെ ലൈസൻസ് വേണ്ട. ജമാഅത്തെ ഇസ്‌ലാമിക്കും ക്യാമ്പസ് ഫ്രണ്ടിനും അടക്കം വേദിയൊരുക്കുന്ന സംഘടനയാണ് എംഎസ്എഫ്. പട്ടിയെ പഠിച്ച് നാട്ടില്‍ അക്രമം നടത്തുന്ന എസ്ഡിപിഐക്കാരുടെയും നിരോധിച്ച സിഎഫ്‌ഐയുടേയും ബാക്കി പത്രമാണ് എംഎസ്എഫ്.
തന്നെ പഠിപ്പിക്കാന്‍ പി കെ നവാസ് ആരാണെന്നും സഞ്ജീവ് ചോദിച്ചു. തന്റെ പ്രസ്താവനയുമായി ബന്ധപ്പെട്ട് ഇഎംഎസിനോട് ചോദിക്കണമെന്നാണ് പറഞ്ഞത്. ഇഎംഎസിനെ 'അക്കാവിക്കാ നമ്പൂതിരി' എന്ന് വിളിച്ചവരാണ് നിങ്ങള്‍. ആ നിങ്ങളാണോ ഇഎംഎസിനോട് ചോദിക്കാന്‍ പറഞ്ഞത്. നെല്ലും പതിരുമെന്താണെന്ന് തങ്ങള്‍ക്കറിയാം.
ലീഗ് മാനേജ്‌മെന്റുള്ള കോളജുകളിൽ തിരഞ്ഞെടുപ്പ് പോലും നടത്താതെയും തട്ടിൻപുറത്തെ അറബി കോളേജുകളിലെയും യുയുസിമാരെ ഉപയോഗിച്ചാണ് എംഎസ്എഫ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ വെല്ലുവിളിക്കുന്നത്.കേരളത്തിലെ പതിനാല് ജില്ലകളിലെ 90 ശതമാനം വരുന്ന സ്‌കൂളുകളിലും സര്‍വകലാശാലകളിലും എസ്എഫ്‌ഐയാണ്. ഇവിടെയൊന്നും എംഎസ്എഫിന് കടന്നുവരാന്‍ കഴിയാത്തത് എന്തുകൊണ്ടാണ്? മതവര്‍ഗീയവാദം മാത്രം കൈമുതലുള്ള സംഘടനയ്ക്ക് എങ്ങനെയാണ് കടന്നുവരാന്‍ കഴിയുക.
ചെറിയ കുട്ടികളുടെ ചെവിയിലേക്ക് എംഎസ്എഫ് വർഗീയത ഓതിക്കൊടുക്കുകയാണ്. മതേതരത്വം നിലനിൽക്കുന്ന ക്യാമ്പസിൽ എത്തുമ്പോൾ എംഎസ്എഫ് യുഡിഎസ്എഫ് ആകും. കെഎസ്‌യുവിനെ പൂർണമായും എംഎസ്എഫ് വിഴുങ്ങി. എംഎസ്എഫിനെ എസ്ഡിപിഐയും ക്യാമ്പസ് ഫ്രണ്ടും വിഴുങ്ങിയിരിക്കുകയാണ്.അതിന്റെ ഭാഗമായാണ് പി കെ നവാസിനെ പോലെയുള്ളവര്‍ എംഎസ്എഫിന്റെ നേതൃത്വത്തിലേക്ക് എത്തിയതെന്നും സഞ്ജീവ് പറഞ്ഞു.