തിരുവനന്തപുരം : എഡിജിപി എം .ആർ അജിത്കുമാറിനെ പൊലീസിൽ നിന്ന് മാറ്റി. എക്‌സൈസ് കമ്മിഷണറായാണ് പുതിയ നിയമനം. ട്രാക്ടർ വിവാദത്തിൽ നടപടിക്ക് ഡി.ജി.പി ശുപാർശ നൽകിയിരുന്നു. നിലവിലെ എക്‌സൈസ് കമ്മീഷണർ മഹിപാൽ യാദവ് അവധിയിൽ പ്രവേശിച്ചതിനാലാണ് പുതിയ നിയമനം.
നിലവിൽ ബറ്റാലിയൻ എഡിജിപിയാണ് എംആർ അജിത്കുമാർ. നവഗ്രഹ പ്രതിഷ്ഠാ ദർശനത്തിനായി ശബരിമലനട തുറന്നപ്പോൾ അജിത്കുമാർ പമ്പയിൽ നിന്നും സന്നിധാനത്തേക്ക് ട്രാക്ടറിൽ യാത്ര ചെയ്തത് വിവാദമായിരുന്നു.സിസിടിവി ക്യാമറകൾ പ്രവർത്തിക്കാത്ത ഇടത്തായിരുന്നു എഡിജിപിയുടെ നിയമ വിരുദ്ധ ട്രാക്ടർ യാത്ര.
അജിത് കുമാറിന്റെ ട്രാക്ടർ യാത്രയിൽ ഹൈക്കോടതി രൂക്ഷ വിമർശനമായിരുന്നു ഉയർത്തിയത്. സ്വാമി അയ്യപ്പൻ റോഡിലൂടെയുള്ള ട്രാക്ടർ യാത്ര നേരത്തെ ഹൈക്കോടതി നിരോധിച്ചതാണ്. ദർശനത്തിനായി എം ആർ അജിത് കുമാർ ട്രാക്ടറിൽ യാത്ര ചെയ്തത് ചട്ടലംഘനമെന്നായിരുന്നു സ്പെഷ്യൽ കമ്മീഷണർ ഹൈക്കോടതിക്ക് റിപ്പോർട്ട് നൽകിയിരുന്നു.