മലപ്പുറം: കേരളത്തിലൂടെയുള്ള പുതിയ അതിവേഗ റെയിൽപാത പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് ഇ. ശ്രീധരൻ. റെയിൽവേ മന്ത്രിയുമായി ഇത് സംബന്ധിച്ച് ചർച്ചകൾ പൂർത്തിയാക്കിയതായും പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനം 15 ദിവസത്തിനകം ഉണ്ടാകുമെന്നും അദ്ദേഹം മലപ്പുറത്ത് അറിയിച്ചു. താൻ ഇനി ഒരു ഇലക്ഷനും ഇല്ലെന്നും, വിരമിച്ചിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. (Moving ahead with high-speed rail project in Kerala, says E Sreedharan)
മണിക്കൂറിൽ 200 കിലോമീറ്റർ വേഗതയിലായിരിക്കും ട്രെയിനുകൾ സഞ്ചരിക്കുക. കേരളത്തിലുടനീളം 22 സ്റ്റേഷനുകൾ പദ്ധതിയുടെ ഭാഗമായി ഉണ്ടാകും. വിമാനത്താവളങ്ങളെ പരസ്പരം ബന്ധിപ്പിച്ചായിരിക്കും പാത കടന്നുപോകുന്നത്.
പാതയുടെ 70 ശതമാനവും തൂണുകളിലൂടെയുള്ള എലവേറ്റഡ് പാതയും, 20 ശതമാനം തുരങ്കപാതയും ആയിരിക്കും. ഏകദേശം ഒരു ലക്ഷം കോടി രൂപയാണ് പദ്ധതിയുടെ ആകെ ചെലവായി കണക്കാക്കുന്നത്. പദ്ധതിക്കെതിരെയുള്ള പ്രതിഷേധങ്ങൾ ഒഴിവാക്കാൻ കുറഞ്ഞ അളവിൽ മാത്രമേ ഭൂമി ഏറ്റെടുക്കുകയുള്ളൂ എന്ന് ഇ. ശ്രീധരൻ വ്യക്തമാക്കി.
തൂണുകളുടെ നിർമ്മാണം കഴിഞ്ഞാൽ ഭൂമി ഉടമകൾക്ക് തിരികെ നൽകും. ഈ ഭൂമിയിൽ വീടുകളോ മറ്റ് കെട്ടിടങ്ങളോ നിർമ്മിക്കാൻ അനുവാദമുണ്ടാകില്ല. എന്നാൽ, ഈ ഭൂമിയിൽ കൃഷി ചെയ്യുന്നതിന് തടസ്സമുണ്ടാകില്ല. സംസ്ഥാന സർക്കാരുമായി നിലവിൽ ചർച്ചകൾ നടത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സിൽവർ ലൈനിൽ നിന്ന് വ്യത്യസ്തമായി കുറഞ്ഞ ഭൂമി ഏറ്റെടുത്ത് കൂടുതൽ വേഗതയിൽ ലക്ഷ്യസ്ഥാനത്തെത്തുന്ന അതിവേഗ റെയിൽ പദ്ധതിയുടെ ബ്ലൂപ്രിന്റ് ഇ. ശ്രീധരൻ അവതരിപ്പിച്ചു. വിമാനത്താവളങ്ങളെയും പ്രധാന നഗരങ്ങളെയും കോർത്തിണക്കുന്ന ഈ പാത യാഥാർത്ഥ്യമാകുന്നതോടെ കേരളത്തിലെ യാത്രാസമയത്തിൽ വൻ കുറവുണ്ടാകും.
യാത്രാസമയം തിരുവനന്തപുരത്ത് നിന്ന് കൊച്ചി വരെ 1 മണിക്കൂർ 20 മിനിറ്റ്, കോഴിക്കോട്: 2 മണിക്കൂർ 30 മിനിറ്റ്, കണ്ണൂർ: 3 മണിക്കൂർ 15 മിനിറ്റ് എന്നിങ്ങനെ ആയിരിക്കും. പരമാവധി യാത്രക്കാരെ ഉൾക്കൊള്ളാൻ 25 കിലോമീറ്റർ ഇടവിട്ട് സ്റ്റേഷനുകൾ ഉണ്ടാകും. തിരുവനന്തപുരം സെൻട്രൽ, തിരുവനന്തപുരം എയർപോർട്ട്, വർക്കല, കൊല്ലം, കൊട്ടാരക്കര, അടൂർ, ചെങ്ങന്നൂർ, കോട്ടയം, വൈക്കം, എറണാകുളം, ആലുവ, നെടുമ്പാശേരി, തൃശൂർ, കുന്നംകുളം, എടപ്പാൾ, തിരൂർ, കരിപ്പൂർ വിമാനത്താവളം, കോഴിക്കോട്, കൊയിലാണ്ടി, വടകര, തലശ്ശേരി, കണ്ണൂർ എന്നിങ്ങനെയാണിത്.
നിലവിൽ 8 കോച്ചുകളാണ് വിഭാവനം ചെയ്തിരിക്കുന്നത്. 8 കോച്ചുകളിൽ 560 പേർക്ക് ഒരേസമയം യാത്ര ചെയ്യാം. സീറ്റുകൾ ഉറപ്പാക്കുന്നതിനാൽ നിന്ന് യാത്ര ചെയ്യാൻ അനുവദിക്കില്ല. ഒരു കിലോമീറ്ററിന് 200 കോടി രൂപ വീതം ആകെ 86,000 കോടി രൂപയാണ് നിർമ്മാണച്ചെലവ്. പണി പൂർത്തിയാകുമ്പോൾ ഇത് ഏകദേശം ഒരു ലക്ഷം കോടി രൂപയായേക്കും. സിൽവർ ലൈനിന് വേണ്ടിവരുന്നതിന്റെ മൂന്നിലൊന്ന് ഭൂമി മാത്രമേ ഇതിന് ആവശ്യമുള്ളൂ. 70% പാതയും തൂണുകളിലൂടെ കടന്നുപോകുന്നതിനാലാണിത്.
പദ്ധതിക്കെതിരെ സമരങ്ങൾ ഉണ്ടാകരുതെന്ന് ഇ. ശ്രീധരൻ അഭ്യർത്ഥിച്ചു. തൂണുകൾ സ്ഥാപിക്കുന്ന ഭൂമി നിർമ്മാണശേഷം ഉടമകൾക്ക് വിട്ടുനൽകും. അവിടെ കെട്ടിടങ്ങൾ പണിയാൻ അനുവാദമുണ്ടാകില്ലെങ്കിലും കൃഷി ആവശ്യങ്ങൾക്ക് തടസ്സമുണ്ടാകില്ല. ഇന്ത്യയിൽ നിലവിലുള്ള ആധുനിക ടെക്നോളജി തന്നെയാകും ഈ പദ്ധതിയിലും ഉപയോഗിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.