ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയൻ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ തന്റെ ഔദ്യോഗിക വാഹനത്തിൽ ഒപ്പം കൂട്ടിയതിനെച്ചൊല്ലിയുണ്ടായ വിവാദങ്ങൾക്കെതിരെ ആഞ്ഞടിച്ച് യോഗം മുഖമാസികയായ 'യോഗനാദം'. സ്വാതന്ത്ര്യം ലഭിച്ച് 78 വർഷം കഴിഞ്ഞിട്ടും സമൂഹത്തിൽ നിലനിൽക്കുന്ന തൊട്ടുകൂടായ്മയുടെ വികൃതമുഖമാണ് ഈ വിവാദത്തിലൂടെ പുറത്തുവരുന്നതെന്ന് മാസികയിലെ ലേഖനം കുറ്റപ്പെടുത്തുന്നു.(Mouthpiece of SNDP yogam criticizes Vellapally-Chief Minister's car journey)
ഒരു ഉന്നത വിഭാഗത്തിൽപ്പെട്ടയാളോ ന്യൂനപക്ഷ വിഭാഗത്തിലുള്ള നേതാവോ ആണ് മുഖ്യമന്ത്രിയുടെ കാറിൽ കയറിയതെങ്കിൽ ഇത്തരമൊരു ചർച്ച ഉണ്ടാകുമായിരുന്നോ എന്ന് ലേഖനം ചോദിക്കുന്നു. പിന്നാക്ക വിഭാഗക്കാരനായ ഒരു നേതാവിന് ലഭിക്കുന്ന അംഗീകാരം ഉൾക്കൊള്ളാൻ കഴിയാത്തതിന്റെ വേദനയാണ് ഈ വിവാദത്തിന് പിന്നിലെന്നും ലേഖനം പരിഹസിക്കുന്നു.
സി.പി.എമ്മിന്റെയും സി.പി.ഐയുടെയും നട്ടെല്ല് ഈഴവ ഉൾപ്പെടെയുള്ള പിന്നാക്ക വിഭാഗങ്ങളാണ്. എന്നാൽ സി.പി.ഐയുടെ പുതിയ നേതൃത്വത്തിന് ഈ ബോധ്യമില്ല. മുഖ്യമന്ത്രിയുടെ യാത്രയെ ഒരു 'രാജ്യദ്രോഹക്കുറ്റം' പോലെ ചിത്രീകരിക്കാനാണ് ചിലർ ശ്രമിക്കുന്നത്.
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലെ വിജയത്തിന്റെ ബലത്തിൽ യു.ഡി.എഫിനെ മുൻനിർത്തി അധികാരത്തിലെത്താമെന്നും 'മതഭരണം' നടപ്പാക്കാമെന്നുമാണ് മുസ്‌ലിം ലീഗ് സ്വപ്നം കാണുന്നത്. ഇതിന്റെ ഭാഗമായാണ് ഇത്തരം വിവാദങ്ങളെ അവർ പ്രോത്സാഹിപ്പിക്കുന്നതെന്നും ലേഖനം കുറ്റപ്പെടുത്തുന്നു. വെള്ളാപ്പള്ളി നടേശനെ മുഖ്യമന്ത്രി തന്റെ കാറിൽ ഒപ്പം കൊണ്ടുപോയത് രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായിരുന്നു.