
തിരുവനന്തപുരം: ലേണേഴ്സ് ഓൺലൈൻ ടെസ്റ്റിൽ അടിമുടി മാറ്റങ്ങൾ വരുത്തി മോട്ടോർ വാഹന വകുപ്പ്. ഒക്‌ടോബർ ഒന്നുമുതൽ പുതിയ മാറ്റങ്ങൾ നിലവിൽ വരുമെന്നാണ് വകുപ്പ് അറിയിച്ചിരിക്കുന്നത്. ചോദ്യങ്ങളുടെ എണ്ണം 30 ആക്കി ഉയർത്തി എന്നതാണ്പ്രധാന മാറ്റം. ഒരു ചോദ്യത്തിന് ഉത്തരം നൽകാനുള്ള സമയവും 30 സെക്കൻഡ് ആക്കിയിട്ടുണ്ട്.നേരത്തേ 20 ചോദ്യങ്ങളായിരുന്നു ഉണ്ടായിരുന്നത്. ഒരു ചോദ്യത്തിന് 15 സെക്കൻഡുകൊണ്ട് ഉത്തരം നൽകണമായിരുന്നു.മുപ്പതുചോദ്യങ്ങളിൽ പതിനെട്ട് ചോദ്യങ്ങൾക്കാണ് ശരിയുത്തരം നൽകേണ്ടത്.
പരീക്ഷയുടെ സിലബസ് എംവിഡി ലീഡ്‌സ് മൊബൈൽ ആപ്പിൽ ലഭ്യമാണ്. മോക്ക് ടെസ്റ്റുകളും ആപ്പിലുണ്ട്. മോക്ക് ടെസ്റ്റുകളിൽ വിവിധ തലങ്ങളിൽ വിജയിക്കുന്നവർക്ക് റോഡ് സുരക്ഷാ സർട്ടിഫിക്കറ്റുകൾ നൽകും. ഇത്തരം സർട്ടിഫിക്കറ്റുകൾ നേടിയവരെ ഡ്രൈവിങ് ടെസ്‌റ്റിന് മുമ്പ് നിർബന്ധിത റോഡ് സുരക്ഷാബോധവൽക്കരണ ക്ലാസിൽ പങ്കെടുത്തിരിക്കണമെന്ന നിബന്ധനയിൽനിന്ന് ഒഴിവാക്കും.
വിദ്യാർഥികൾക്ക് ആപ്പ് ഡൗൺലോഡ് ചെയ്‌ത് സ്വകാര്യ ബസുകളിലും കെഎസ്ആർടിസി ബസുകളിലും ക്യുആർ കോഡ് കാണിച്ച് സ്റ്റുഡന്റ് കൺസഷനോടെ യാത്ര ചെയ്യാം. ഡ്രൈവിങ് പഠിപ്പിക്കുന്നതിന് ഇൻസ്‌ട്രക്ടർമാർ എംവിഡി ലീഡ്‌സ് ആപ്പിൽ ടെസ്‌റ്റ് പാസാകണം. മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥരും റോഡ് സുരക്ഷ സർട്ടിഫിക്കറ്റ് പരീക്ഷ പാസാകണമെന്ന നിബന്ധനയും ഏർപ്പെടുത്തി.