കണ്ണൂർ: പരിയാരം ഗവൺമെൻറ് മെഡിക്കല്‍ കോളജ് യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കെഎസ്‌യു പ്രവർത്തകനായ നാലാം വർഷ എംബിബിഎസ് വിദ്യാർഥിയെ എസ്എഫ്ഐ നേതാക്കൾ ഭീഷണിപ്പെടുത്തിയയെന്ന് ആരോപണം. കഴിഞ്ഞ തവണ യൂണിയൻ സെക്രട്ടറിയായി ജയിച്ച മുനീറിനെയാണ് എസ്എഫ്ഐ ജില്ലാ ജോയിന്റ് സെക്രട്ടറി ജോയൽ ഭീഷണിപ്പെടുത്തിയത്. ഭീഷണിപ്പെടുത്തുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ കെഎസ്‌യു പുറത്തു വിട്ടു. "അമ്മയാണെ സത്യം നിന്റെ കാല് തച്ച് പൊട്ടിക്കും" എന്നായിരുന്നു ഭീഷണി.
കഴിഞ്ഞ വെള്ളിയാഴ്ച നാമനിർദേശ പത്രിക സമർപ്പിക്കുന്ന സമയത്താണ് ഭീഷണിയുണ്ടായത്. നാളെയാണ് യൂണിയൻ തിരഞ്ഞെടുപ്പ്. ദീർഘകാലത്തിന് ശേഷം കഴിഞ്ഞ വർഷം യുഡിഎസ്എഫ് യൂണിയൻ പിടിച്ചെടുത്തിരുന്നു. ഇത്തവണ കടുത്ത മത്സരമാണ് നടക്കുന്നത്. ഭീഷണിപ്പെടുത്തിയതിനെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്ന് കെഎസ്‌യു നേതാക്കൾ അറിയിച്ചു.