'വാഹനം കിട്ടിയിരുന്നെങ്കിൽ ഒരാളെയെങ്കിലും രക്ഷിക്കാമായിരുന്നു, മടിയിൽ വച്ചപ്പോൾ ജീവൻ ഉണ്ടായിരുന്നു': അട്ടപ്പാടി ദുരന്തത്തിൽ കണ്ണീരോടെ മരിച്ച കുട്ടികളുടെ അമ്മ | Attappadi tragedy

ഇത്തരം ഒട്ടേറെ പണിതീരാത്ത വീടുകൾ ഉന്നതികളിലുണ്ട്.
'വാഹനം കിട്ടിയിരുന്നെങ്കിൽ ഒരാളെയെങ്കിലും രക്ഷിക്കാമായിരുന്നു, മടിയിൽ വച്ചപ്പോൾ ജീവൻ ഉണ്ടായിരുന്നു': അട്ടപ്പാടി ദുരന്തത്തിൽ കണ്ണീരോടെ മരിച്ച കുട്ടികളുടെ അമ്മ | Attappadi tragedy
Published on

പാലക്കാട്: അട്ടപ്പാടി മുക്കാലി കരുവാര ഉന്നതിയിൽ വീടിന്റെ സൺഷേഡ് തകർന്നു വീണ് മരിച്ച കുട്ടികളുടെ അമ്മ ദേവിയുടെ വാക്കുകൾ ദുരന്തത്തിന്റെ ആഴം വർദ്ധിപ്പിക്കുന്നു. അപകടം നടന്നയുടനെ ആശുപത്രിയിൽ കൊണ്ടുപോകാൻ വാഹനം കിട്ടിയിരുന്നെങ്കിൽ തൻ്റെ മക്കളിൽ ഒരാളുടെയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിയുമായിരുന്നെന്ന് ദേവി മാധ്യമങ്ങളോട് പറഞ്ഞു.(Mother of children who died in Attappadi tragedy in tears)

"ചെറിയ കുട്ടി അവിടെത്തന്നെ മരിച്ചു. മറ്റേയാൾ കുറച്ച് ശ്വാസം വിട്ടു. സംസാരിക്കാൻ നോക്കി. മടിയിൽ വെച്ചപ്പോൾ ജീവനുണ്ടായിരുന്നു. വണ്ടി വിളിച്ചിട്ട് കിട്ടിയില്ല. വാഹനം കിട്ടിയിരുന്നെങ്കിൽ ഒരാളെയെങ്കിലും ജീവനോടെ കിട്ടിയേനെ," കണ്ണീരോടെ ദേവി പറയുന്നു.

വണ്ടി വിളിച്ചിട്ടും കിട്ടാതിരുന്നതിനെ തുടർന്ന് ബൈക്കിലാണ് കുട്ടികളെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ഊരിലെ പ്രമോട്ടറെയും മെംബറെയും വിളിച്ചിട്ടും അവർ വന്നില്ലെന്നും ദേവി ആരോപിച്ചു.

ഇന്നലെ വൈകിട്ട് ആറോടെയാണ് പാതിയിൽ നിർമാണം നിലച്ച വീടിന്റെ സൺഷേഡ് തകർന്നുവീണ് സഹോദരങ്ങളായ ആദി (7), അജ്നേഷ് (4) എന്നിവർ മരിച്ചത്. മരിച്ച കുട്ടികൾ സീങ്കര സെന്റ് ജോർജ് എൽപി സ്‌കൂളിലെ വിദ്യാർഥികളാണ്. അജയ്‌യുടെ സഹോദരിയുടെ മകളായ അഭിനയയ്ക്ക് (6) അപകടത്തിൽ പരുക്കേറ്റിരുന്നു. അഭിനയയെ പ്രഥമശുശ്രൂഷ നൽകി വീട്ടിലേക്ക് വിട്ടു. മരിച്ച കുട്ടികളുടെ സഹോദരിയാണ് അജന്യ.

കുട്ടികൾ കളിക്കുന്നതിനിടെ വീടിന്റെ സൺഷേഡ് സ്ലാബ് തകർന്നുവീഴുകയായിരുന്നു. ശബ്ദംകേട്ട് ഓടിയെത്തിയ പരിസരവാസികളാണ് സ്ലാബിനടിയിൽപ്പെട്ട കുട്ടികളെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചതെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ തകർന്ന വീടിൻ്റെ നിർമ്മാണം വർഷങ്ങളായി നിലച്ചിരിക്കുകയായിരുന്നു.

2016-ൽ ഐ.ടി.ഡി.പി. ഉന്നതിയിലെ രമേശിന് അനുവദിച്ച വീടാണിത്. 4.64 ലക്ഷം രൂപ അനുവദിച്ചതിൽ 3.32 ലക്ഷം രൂപ കൈപ്പറ്റിയിരുന്നതായി അധികൃതർ പറഞ്ഞു. പണമില്ലാത്തതിനെ തുടർന്നാണ് നിർമ്മാണം നിലച്ചത്. ഇത്തരം ഒട്ടേറെ പണിതീരാത്ത വീടുകൾ ഉന്നതികളിലുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com