
കൊച്ചി: മലയാളികളുടെ പ്രിയ നടി കാവ്യ മാധവന്റെ അമ്മയ്ക്കും മകൾക്കും ഒരേ ദിവസമാണ് പിറന്നാൾ. അമ്മ ശ്യാമള മാധവന്റെയും മകൾ മഹാലക്ഷ്മിയുടെയും ജന്മദിനം ഇന്ന് (ഒക്ടോബർ 19) ആഘോഷിക്കുകയാണ് താരം. ഈ സന്തോഷ നിമിഷം സോഷ്യൽ മീഡിയയിലൂടെ കാവ്യ ആരാധകരുമായി പങ്കുവെച്ചു. അമ്മയ്ക്കും മകൾക്കുമൊപ്പമുള്ള മനോഹരമായ ചിത്രം പോസ്റ്റ് ചെയ്തുകൊണ്ട് കാവ്യ ഇങ്ങനെ കുറിച്ചു:
"ഈ ദിനത്തിന് ഇരട്ടി പ്രത്യേകതയുണ്ട്. കാരണം എന്റെ എല്ലാമെല്ലാമായ രണ്ട് ഹൃദയങ്ങളെ ആഘോഷിക്കുന്ന ദിവസമാണിത്- എന്റെ അമ്മയും മകളും."
കാവ്യയ്ക്കും ഭർത്താവ് ദിലീപിനും 2018 ഒക്ടോബർ 19-നാണ് മകൾ മഹാലക്ഷ്മി ജനിച്ചത്. നിലവിൽ കാവ്യയും മകളും ചെന്നൈയിലാണ് താമസം.കാവ്യയുടെ പോസ്റ്റിന് താഴെ സിനിമയിലെ സഹപ്രവർത്തകരും ആരാധകരും ഉൾപ്പെടെ നിരവധി പേരാണ് ശ്യാമളയ്ക്കും മഹാലക്ഷ്മിക്കും ആശംസകൾ അറിയിച്ചുകൊണ്ട് കമന്റ് ചെയ്തിരിക്കുന്നത്. അഭിനയത്തിൽ നിന്ന് വിട്ടുനിൽക്കുകയാണെങ്കിലും സമൂഹമാധ്യമങ്ങളിൽ കാവ്യ സജീവമാണ്.