

കോട്ടയം: എരുമേലിയിൽ കടന്നൽ ആക്രമണത്തിൽ വയോധിക ഉൾപ്പടെ രണ്ട് പേർ മരണപ്പെട്ടു. എരുമേലി ഇഞ്ചക്കുഴി സ്വദേശിനി കുഞ്ഞുപെണ്ണ്, മകൾ തങ്കമ്മ എന്നിവരാണ് മരിച്ചത്.(wasp attack) കടന്നലുകളുടെ ആക്രമണത്തിൽ 108 വയസ്സുള്ള കുഞ്ഞു പെണ്ണിന് അടക്കം നാലുപേർക്കാണ് പരുക്കേറ്റത്. കടന്നൽ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ് രണ്ടുപേർ ചികിത്സയിലാണ്. തങ്കമ്മയുടെ സഹോദരനും ഇവരെ രക്ഷിക്കാൻ എത്തിയ മറ്റൊരു വ്യക്തിയുമാണ് ചികിത്സയിൽ ഉള്ളത്.
ചൊവ്വാഴ്ച പകൽ 11 മണിയോടെ വനാതിർത്തിയോട് ചേർന്നുള്ള സ്ഥലത്താണ് സംഭവം നടന്നത്. ഇഞ്ചക്കുഴി കാവനാൽ വീടിൻ്റെ പറമ്പിലെ കുരുമുളക് ചെടിയിൽ കൂടുകൂട്ടിയ കടന്നൽ കൂട്ടമാണ് വീട്ടുകാരെ ആക്രമിച്ചത്. ഉടൻതന്നെ നാട്ടുകാരെത്തി ഇവരെ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ഇന്ന് രാവിലെ കുഞ്ഞുപ്പെണ്ണിന്റെ ആരോഗ്യ സ്ഥിതി വഷളാവുകായും തുടർന്ന് മരണം സംഭവിക്കുകയുമായിരുന്നു. തൊട്ടുപിന്നാലെ ഗുരുതരാവസ്ഥയിൽ ആയിരുന്ന മകൾ തങ്കമ്മയും മരിച്ചു.
വനംകുളവി എന്ന ഇനത്തിൽപ്പെട്ട കടന്നലുകളാണ് ആക്രമിച്ചതെന്നാണ് നാട്ടുകാർ പറയുന്നത്. മരിച്ച രണ്ടുപേരുടെയും മൃതദേഹങ്ങൾ വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് വീട്ടുവളപ്പിൽ സംസ്കരിക്കും.