പത്തനംതിട്ട : തിരുവല്ലയിൽ മക്കളോടൊപ്പം കാണാതായ റീനയുടെ ഭര്‍ത്താവിനെ മരിച്ച നിലയിൽ കണ്ടെത്തി. അമ്മയെയും കുഞ്ഞുങ്ങളുടെയും കാണാതായിട്ട് രണ്ടാഴ്ച പിന്നിടുന്നതിനിടെയാണ് റീനയുടെ ഭര്‍ത്താവ് അനീഷ് മാത്യു (41) വിനെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കവിയൂരിലെ വീട്ടിലാണ് സംഭവം.
അനീഷിന്‍റെ ഭാര്യ റീനയെയും രണ്ടു പെൺകുഞ്ഞുങ്ങളെയും കാണാതായിട്ട് രണ്ടാഴ്ചയാകുകയാണ്. ഇവരെ കണ്ടെത്താൻ അന്വേഷണത്തിന് പ്രത്യേക സംഘത്തെയും എസ്പി നിയോഗിച്ചിരുന്നു. റീനയും മക്കളും ബസിലടക്കം യാത്ര ചെയ്യുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങളടക്കം പുറത്തുവന്നിരുന്നു.
അന്വേഷണം തുടരുന്നതിനിടെയാണ് അനീഷിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.അനീഷും റീനയും തമ്മിലുള്ള കുടുംബപ്രശ്നം നേരത്തെ ബന്ധുക്കൾ ഇടപെട്ടാണ് പരിഹരിച്ചത്. ഓഗസ്റ്റ് 17നാണ് റീനയേയും മക്കളേയും കാണാതാകുന്നത്.