തിരുവനന്തപുരം: ഭീകരസംഘടനയായ ഐ.എസ്.ഐ.എസിൽ (ISIS) ചേരാൻ മകനെ അമ്മയും സുഹൃത്തും ചേർന്ന് പ്രേരിപ്പിച്ചു എന്ന വെഞ്ഞാറമൂട് യു.എ.പി.എ. കേസ് ദേശീയ അന്വേഷണ ഏജൻസിക്ക് (NIA) കൈമാറിയേക്കും. കേസ് എൻ.ഐ.എക്ക് കൈമാറാൻ സംസ്ഥാന ഡി.ജി.പി. സർക്കാരിന് ഔദ്യോഗികമായി ശുപാർശ നൽകും.(Mother and boyfriend persuade son to join ISIS, UAPA case to be handed over to NIA)
വെഞ്ഞാറമൂട് പോലീസാണ് യു.എ.പി.എ. (നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമം) പ്രകാരം കേസ് രജിസ്റ്റർ ചെയ്തത്. കുട്ടിയുടെ അമ്മയുടെ സുഹൃത്ത് നിലവിൽ എൻ.ഐ.എ. കേസിലെ പ്രതിയാണ്. ഇയാളുടെ ഇടപെടലുകൾ സംശയാസ്പദമാണെന്ന് പോലീസ് റിപ്പോർട്ടിൽ പറയുന്നു.
കനകമല ഗൂഢാലോചനാ കേസിൽ മൂന്ന് വർഷം ശിക്ഷിക്കപ്പെട്ട പ്രതിയുടെ സംരക്ഷണയിലായിരുന്നു നാട്ടിലെത്തിയ കുട്ടി കഴിഞ്ഞിരുന്നത്. യുകെയിൽ നിന്ന് നാട്ടിലേക്ക് അയച്ച കുട്ടിയെ സ്വീകരിച്ചതും സംരക്ഷിച്ചതും അമ്മയുടെ നാട്ടിലെ ഈ സുഹൃത്തായ എൻ.ഐ.എ. കേസിലെ പ്രതിയായിരുന്നു. താൻ യു.കെയിൽ ആയിരിക്കുമ്പോൾ ഐ.എസ്.ഐ.എസിൽ ചേരാൻ അമ്മ നിർബന്ധിച്ചുവെന്ന് കുട്ടി പോലീസിന് മൊഴി നൽകിയിട്ടുണ്ട്.
നിലവിൽ, എൻ.ഐ.എ. കേസിൽ പ്രാഥമിക വിവരശേഖരണം ആരംഭിച്ചിട്ടുണ്ട്. ഡി.ജി.പിയുടെ ശുപാർശ അംഗീകരിച്ച് സർക്കാർ ഉടൻ തന്നെ കേസ് എൻ.ഐ.എക്ക് കൈമാറിയേക്കും.