
കൊതുകുജന്യ രോഗങ്ങള്‍ക്കെതിരെ ഉറവിട നശീകരണ സന്ദേശവുമായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ നടക്കുന്ന 'ഫ്രൈഡേ ഡ്രൈ ഡേ' ക്യാമ്പയിന്‍ ജില്ലയില്‍ ഊര്‍ജിതം. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കൊതുക് വളരുന്ന സാഹചര്യങ്ങള്‍ കണ്ടെത്തി എന്‍എസ്എസ് വോളണ്ടിയര്‍മാരുടെ പങ്കാളിത്തത്തോടെ അവ ഇല്ലാതാക്കുന്ന പ്രവര്‍ത്തനമാണ് ക്യാമ്പയിനിന്റെ ഭാഗമായി നടക്കുന്നത്. എല്ലാ വെള്ളിയാഴ്ചകളിലും ജില്ലയിലെ കോളേജുകളില്‍ കൊതുകു നശീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കും.
ക്യാമ്പയിനിന്റെ ഭാഗമായ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം കോഴിക്കോട് സാമൂതിരി ഗുരുവായൂരപ്പന്‍ കോളേജില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ കെ രാജാറാം നിര്‍വഹിച്ചു. പ്രിന്‍സിപ്പല്‍ ഡോ. ബി രജനി അധ്യക്ഷയായി. ഡോ. വി പി രാജേഷ് ദിനാചരണ സന്ദേശം നല്‍കി. ജില്ലാ വെക്ടര്‍ ബോണ്‍ ഡിസീസ് കണ്‍ട്രോള്‍ ഓഫീസര്‍ കെ പി റിയാസ്, ടെക്നിക്കല്‍ അസി. എന്‍ പ്രഭാകരന്‍, എന്‍എസ്എസ് ജില്ല പ്രോഗ്രാം ഓഫീസര്‍ ഫസീല്‍ അഹമ്മദ്, ജില്ലാ എജുക്കേഷന്‍ മീഡിയ ഓഫീസര്‍ ഡോ. എല്‍ ഭവില, ഡെപ്യൂട്ടി എഡ്യൂക്കേഷന്‍ മീഡിയ ഓഫീസര്‍ ഡോ. കെ ടി മുഹസിന്‍, ശുചിത്വ മിഷന്‍ ജില്ലാ അസി. കോഓഡിനേറ്റര്‍ സി കെ സരിത്, ഗുരുവായൂരപ്പന്‍ കോളേജ് എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍മാരായ പി ഐ മീര, ജിബിന്‍ ബേബി തുടങ്ങിയവര്‍ സംസാരിച്ചു. ആരോഗ്യവകുപ്പും ശുചിത്വമിഷനും കോഴിക്കോട് സര്‍വകലാശാല എന്‍എസ്എസ് യൂണിറ്റും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.
കൊതുകുജന്യ രോഗങ്ങളായ ഡെങ്കിപ്പനി, ചികുന്‍ഗുനിയ, സിക തുടങ്ങിയവ തടയുന്നതിനായി ആഴ്ചയിലൊരിക്കല്‍ വീടുകളിലും വിദ്യാലയങ്ങളിലും മറ്റു സ്ഥാപനങ്ങളിലും ഈഡിസ് കൊതുകിന്റെ പ്രജനന സ്ഥലങ്ങള്‍ കണ്ടെത്തി നശിപ്പിക്കുന്ന പ്രവര്‍ത്തനമാണ് 'ഡ്രൈ ഡേ'. വെള്ളിയാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ശനിയാഴ്ച ഓഫീസുകളിലും ഞായറാഴ്ച വീടുകളിലും ഇതിന്റെ ഭാഗമായ പ്രവര്‍ത്തനങ്ങള്‍ നടക്കും.