തിരുവനന്തപുരം: പിണറായി സർക്കാരിന്റെ കഴിഞ്ഞ പത്ത് വർഷത്തെ ഭരണത്തിനിടെ സംസ്ഥാനത്ത് രണ്ട് ലക്ഷത്തിലധികം ചട്ടവിരുദ്ധ നിയമനങ്ങൾ നടന്നുവെന്ന ഗുരുതര ആരോപണവുമായി രമേശ് ചെന്നിത്തല. സർക്കാരിന്റെ അവസാന നാളുകളിൽ താൽക്കാലികക്കാരെ സ്ഥിരപ്പെടുത്താൻ തിരക്കിട്ട നീക്കങ്ങളാണ് അണിയറയിൽ നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.(More than two lakh illegal appointments, Ramesh Chennithala against the government)
വൈദ്യുതി മന്ത്രാലയത്തിന് കീഴിലുള്ള അനർട്ടിൽ ഹൈക്കോടതി വിധി പോലും ലംഘിച്ചാണ് താൽക്കാലികക്കാരെ നിലനിർത്തുന്നത്. അഴിമതി ആരോപണത്തിൽ പുറത്തായ മുൻ സി.ഇ.ഒയുടെ ശുപാർശയിൽ സർക്കാർ ഉത്തരവിറക്കിയതും, എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിനെ അവഗണിച്ചു സി.എം.ഡി വഴി പുതിയ കരാർ നിയമനത്തിന് പരസ്യം നൽകിയതും ഇതിന് തെളിവായി അദ്ദേഹം ചൂണ്ടിക്കാട്ടി.
സംസ്ഥാനത്ത് പ്രതിവർഷം ശരാശരി 33,000 താൽക്കാലിക ഒഴിവുകൾ ഉണ്ടാകുന്നുണ്ടെങ്കിലും മൂന്നിലൊന്ന് മാത്രമാണ് എംപ്ലോയ്‌മെന്റ് വഴി നികത്തുന്നത്. ബാക്കിയുള്ള 22,000-ത്തോളം തസ്തികകളിൽ സി.പി.എം - ഡി.വൈ.എഫ്.ഐ ബന്ധുക്കളെ തിരുകിക്കയറ്റുകയാണെന്ന് ചെന്നിത്തല ആരോപിച്ചു. പത്ത് വർഷത്തോളമായി പിൻവാതിൽ വഴി കയറിയ ഇത്തരക്കാരെ സർക്കാരിന്റെ കാലാവധി കഴിയും മുൻപ് സ്ഥിരപ്പെടുത്താനാണ് ഇപ്പോൾ നീക്കം നടക്കുന്നത്. ഇത് യോഗ്യരായ യുവജനങ്ങളുടെ അവസരം നിഷേധിക്കലാണെന്നും അദ്ദേഹം പറഞ്ഞു.