ആലപ്പുഴ ജനറല്‍ ആശുപത്രിയിലെ പുതിയ റോഡിയോളജി യൂണിറ്റില്‍ എംആര്‍ഐ, സിറ്റി സ്‌കാനുകള്‍ ചെയ്തത് 3600 ലധികം പേര്‍; ലഭിച്ചത് 69 ലക്ഷം രൂപയുടെ ചികില്‍സാനുകൂല്യം

ആലപ്പുഴ ജനറല്‍ ആശുപത്രിയിലെ പുതിയ റോഡിയോളജി യൂണിറ്റില്‍ എംആര്‍ഐ, സിറ്റി സ്‌കാനുകള്‍ ചെയ്തത് 3600 ലധികം പേര്‍; ലഭിച്ചത് 69 ലക്ഷം രൂപയുടെ ചികില്‍സാനുകൂല്യം
Published on

സാധാരണക്കാര്‍ക്ക് കുറഞ്ഞനിരക്കില്‍ ആധുനിക ചികില്‍സ ലഭ്യമാക്കുന്നതിന്റെ ഭാഗമായി ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ പുതുതായി ആരംഭിച്ച റേഡിയോളജി യൂണിറ്റില്‍ കഴിഞ്ഞ ഏഴ് മാസത്തിനിടെ സൗജന്യനിരക്കില്‍ എംആര്‍ഐ, സിറ്റി സ്‌കാനുകള്‍ ചെയ്തത് 3600 ലധികം പേര്‍. എംആര്‍ഐ സ്‌കാന്‍ ചെയ്ത 450 പേര്‍ക്ക് മാത്രം 15.75 ലക്ഷം രൂപയുടെയും സി ടി സ്‌കാന്‍ ചെയ്ത 3150 രോഗികള്‍ക്ക് 53.5 ലക്ഷം രൂപയുടെയും ആനുകൂല്യമാണ് ഇവിടെ നിന്ന് ലഭിച്ചത്. സ്വകാര്യ സ്‌കാന്‍ സെന്ററുകളില്‍ 6000 രൂപക്ക് ചെയ്യുന്ന എംആര്‍ഐ സ്‌കാന്‍ 2500 രൂപക്കും 3000 രൂപ വരുന്ന സി ടി സ്‌കാന്‍ 1300 രൂപക്കുമാണ് ഇവിടെ ചെയ്യുന്നത്. കഴിഞ്ഞ ഏഴ് മാസത്തിനിടെ 32000ത്തിലധികം എക്സ് റേയും ഇവിടെ നിന്ന് 100 രൂപ സൗജന്യ നിരക്കില്‍ രോഗികള്‍ക്ക് ലഭ്യമാക്കി. 117 കോടി രൂപ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച പുതിയ ഒപി ബ്ലോക്കില്‍ 20 കോടി രൂപ ചെലവഴിച്ചാണ് പുതിയ റേഡിയോളജി യൂണിറ്റില്‍ സംസ്ഥാനസര്‍ക്കാര്‍ അത്യാധുനിക രോഗനിര്‍ണയ സംവിധാനങ്ങള്‍ സ്ഥാപിച്ചത്.

സ്വകാര്യ സ്ഥാപനങ്ങളില്‍ സാധാരണക്കാര്‍ക്ക് താങ്ങാവുന്നതിലുമധികം ചികിത്സാ ചെലവ് വരുന്ന എംആര്‍ഐ, സി ടി സ്‌കാന്‍, മറ്റ് റോഡിയോളജി പരിശോധനകള്‍ എന്നിവ സര്‍ക്കാര്‍ നിശ്ചയിച്ച യൂസര്‍ ഫീ മാത്രം വാങ്ങിയാണ് ജനറല്‍ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്നത്. അതിദരിദ്ര വിഭാഗത്തില്‍പെടുന്ന രോഗികള്‍ക്ക് ഈ ചികില്‍സകളൊല്ലാം സൗജന്യമായാണ് നല്‍കുന്നത്. അടിയന്തര റേഡിയോളജി സംവിധാനങ്ങള്‍ ഉപയോഗിക്കുന്ന ബിപിഎല്‍ രോഗികള്‍ക്ക് പകുതിയില്‍ താഴെ വരുന്ന നിരക്കിലുമാണ് സേവനങ്ങള്‍ നല്‍കുന്നത്.

എ ഐ സാങ്കേതികവിദ്യ സഹായത്തോടെ പ്രവര്‍ത്തിക്കുന്നതും 10 കോടി രൂപ ചെലവ് വരുന്നതുമായ അതിനൂതന 1.5 ടെസ് ല സീമെന്‍സ് മാഗ്‌നറ്റം സെംപ്ട്ര എംആര്‍ഐ മെഷീനാണ് ജനറല്‍ ആശുപത്രിയില്‍ സ്ഥാപിച്ചിട്ടുള്ളത്. രണ്ട് കോടി രൂപ ചെലവഴിച്ചാണ് അനുബന്ധ സൗകര്യങ്ങള്‍ ഒരുക്കിയത്. ജില്ലയില്‍ ആരോഗ്യവകുപ്പിന് കീഴില്‍ ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ മാത്രമാണ് ഈ നൂതന എംആര്‍ഐ സൗകര്യമുള്ളത്. 2.57 കോടി രൂപ വിലവരുന്ന സീമെന്‍സിന്റെ 16 സ്ലൈസ് സുമാറ്റം ഗോ നൗ മെഷീനാണ് സി ടി സ്‌കാനിങ്ങിന് ഉപയോഗിക്കുന്നത്.

എക്സ് റേ യൂണിറ്റില്‍ മെഷീനും ഡിജിറ്റല്‍ സംവിധാനത്തിനുമടക്കം 37 ലക്ഷത്തോളം രൂപയാണ് സര്‍ക്കാര്‍ ചെലവഴിച്ചത്. സാംസങ്ങിന്റെ 50 കിലോവാട്ട് അലെന്‍ജേഴ്സ് മാഴ്സ് 50 ഡിജിറ്റല്‍ എക്സ്റേ മെഷീനാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. സ്വകാര്യ ആശുപത്രികള്‍ 300 രൂപ ഈടാക്കുന്ന എക്സ് റേക്ക് ഇവിടെ 100 രൂപ മാത്രമാണ് ചാര്‍ജ്.

രോഗലക്ഷണങ്ങള്‍ ഇല്ലാതെ തന്നെ സ്തനാര്‍ബുദ സാധ്യത നേരത്തെ കണ്ടുപിടിച്ച് ചികിത്സ ലഭ്യമാക്കുന്നതിന് സഹായിക്കുന്ന മാമ്മോഗ്രാഫി പരിശോധന സംവിധാനവും ഇവിടെയുണ്ട്. 35 ലക്ഷത്തിലധികം രൂപ വിലവരുന്ന അലെന്‍ഞ്ചേഴ്സ് മാം വീനസ് മെഷീനാണ് മാമോഗ്രാം ചെയ്യുന്നതിന് ഉപയോഗിക്കുന്നത്. സ്വകാര്യ ക്ലിനിക്കുകളില്‍ 1500 രൂപയിലധികം രൂപ ഈടാക്കുന്ന മാമോഗ്രാമിന് ഇവിടെ 600 രൂപമാത്രമാണ് ചാര്‍ജ്. ബിപിഎല്‍ രോഗികള്‍ക്ക് വെറും 100 രൂപമാത്രമാണ് ഇതിന് ഈടാക്കുന്നത്. ബുക്കിങ് മുഖേനയാണ് മാമോഗ്രാം ചെയ്യുന്നത്.

ദന്തക്ഷയം, മോണരോഗം തുടങ്ങിയ ദന്തരോഗാവസ്ഥകള്‍ കൃത്യമായി നിര്‍ണ്ണയിക്കാനുള്ള ഡിജിറ്റല്‍ പനോരമിക് എക്സ് റേ എടുക്കാന്‍ സഹായിക്കുന്ന ആധുനിക ഒപിജി മെഷീന്‍ (ഓര്‍ത്തോപാന്‍ഡമോഗ്രാം) 27 ലക്ഷം രൂപ മുടക്കിയാണ് സ്ഥാപിച്ചിട്ടുള്ളത്. സ്വകാര്യ ക്ലിനിക്കുകളില്‍ 700 രൂപക്ക് ചെയ്യുന്ന ഒപിജിക്ക് ഇവിടെ 250 രൂപമാത്രമാണ് ഈടാക്കുന്നത്. പതിവു ദന്തപരിശോധനയിലൂടെ ദൃശ്യമാകാത്ത വിവരങ്ങള്‍ ഈ ത്രിമാന ചിത്രങ്ങളിലൂടെ ലഭിക്കും. 20 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് പുതിയ അള്‍ട്രാ സൗണ്ട് മെഷീന്‍ സ്ഥാപിച്ചത്. അള്‍ട്രാ സൗണ്ട് സ്‌കാനിങ്ങിന് സ്വകാര്യ സ്ഥാപനങ്ങളില്‍ കുറഞ്ഞത് 1000 രൂപ ഈടാക്കുമ്പോള്‍ ഇവിടെ 350 രൂപമാത്രമാണ് ചാര്‍ജ്. ബി പി എല്‍കാര്‍ക്ക് ഇത് 150 രൂപമാത്രമാണ്.

എക്സ്റേ, സിടി സ്‌കാന്‍ സംവിധാനങ്ങള്‍ 24 മണിക്കൂറും പ്രവര്‍ത്തന സജ്ജമാണ്. എംആര്‍ഐ സ്‌കാനിങ്ങിന് രാവിലെ 9 മണി മുതല്‍ വൈകിട്ട് നാല് മണിവരെ ഫോണ്‍ വഴിയും നേരിട്ടും ബുക്ക് ചെയ്യാം. ഒരു ദിവസം എട്ട് രോഗികള്‍ക്ക് വരെ എംആര്‍ഐ സ്‌കാന്‍ ചെയ്യാനാവും. അടിയന്തര സാഹചര്യങ്ങളില്ലാത്ത എംആര്‍ഐ സ്‌കാനുകള്‍ ബുക്ക് ചെയ്താല്‍ രണ്ട് ദിവസത്തിനുള്ളില്‍ ചെയ്യാനാകും. 0477, 2233006 എന്ന ഫോണ്‍ നമ്പറില്‍ ബുക്ക് ചെയ്യാം.

മറ്റുജില്ലകളിലെ സര്‍ക്കാര്‍ ആശുപത്രികളേക്കാളും കുറഞ്ഞ നിരക്കിലാണ് ഇത്തരം സേവനങ്ങള്‍ ഇവിടെ നല്‍കുന്നതെന്ന് വകുപ്പിന്റെ ചാര്‍ജ് വഹിക്കുന്ന കണ്‍സള്‍ട്ടന്റ് റോഡിയോളജിസ്റ്റ് ഡോ. എസ് ഗീത ചൂണ്ടിക്കാട്ടി. ഒരു കണ്‍സള്‍ട്ടന്റ് റോഡിയോളജിസ്റ്റ്, ഒരു ജൂനിയര്‍ കണ്‍സള്‍ട്ടന്റ്, ഒരു പി ജി, ആറ് സ്ഥിരം റോഡിയോഗ്രാഫര്‍മാര്‍, 10 താല്‍ക്കാലിക റോഡിയോഗ്രാഫര്‍മാര്‍, അനുബന്ധ സ്റ്റാഫുകള്‍ എന്നിവരാണ് റേഡിയോളജി യൂണിറ്റില്‍ പ്രവര്‍ത്തിക്കുന്നത്. ഡോ. ലേഖയാണ് ജൂനിയര്‍ കണ്‍സള്‍ട്ടന്റ്. ടോംസ് അറക്കലാണ് റേഡിയോഗ്രാഫര്‍ ഇന്‍ ചാര്‍ജ്ജ്. റേഡിയോജി ഇന്‍ ചാര്‍ജായി രജനി മാത്യുവും പ്രവര്‍ത്തിക്കുന്നു.

ജില്ലയിലെ വിവിധ ഭാഗങ്ങളിലുണ്ടാകുന്ന റോഡപകടങ്ങള്‍, ടൂറിസം, മല്‍സ്യമേഖലകളിലുണ്ടാകുന്ന അത്യാഹിതങ്ങള്‍, കുട്ടനാട്ടിലെ വെള്ളപ്പൊക്ക ദുരിതം തുടങ്ങിയവയിലൊക്കെ ആളുകള്‍ ആശ്രയിക്കുന്ന ജനറല്‍ ആശുപത്രിയെ മികവിന്റെ പാതയിലെത്തിക്കാന്‍ കിഫ്ബി ഫണ്ടായ 117 കോടി രൂപ ചെലവഴിച്ചാണ് അത്യാധുനിക ചികില്‍സാ ഉപകരണങ്ങളടക്കം ഒരുക്കി ജനറല്‍ ആശുപത്രിയിലെ പുതിയ ഒപി ബ്ലോക്ക് കഴിഞ്ഞ ഒക്ടോബറില്‍ ഉദ്ഘാടനം ചെയ്തത്. ജനറല്‍ ആശുപത്രിയെ സൂപ്പര്‍ സ്‌പെഷ്യാലിറ്റിയായി ഉയര്‍ത്താനുള്ള പദ്ധതിയുടെ ഭാഗമായാണ് ഏഴ് നിലകളില്‍ പുതിയ സമുച്ഛയം ഒരുക്കിയത്. അത്യാധുനിക രോഗനിര്‍ണയ, ചികില്‍സ സൗകര്യങ്ങള്‍ ലഭ്യമാക്കിയതോടെ ആലപ്പുഴയുടെ ആതുരസേവന രംഗത്തെ സുപ്രധാനസ്ഥാപനമായി ജനറല്‍ ആശുപത്രി ഇതിനകം മാറിക്കഴിഞ്ഞു.

Related Stories

No stories found.
Times Kerala
timeskerala.com