തിരുവനന്തപുരം: അതീവ ഗുരുതരമായ ചില സംഭവങ്ങൾ തിരുവനന്തപുരം നഗരത്തിൽ ബി.ജെ.പി.യുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുണ്ടെന്ന് സി.പി.എം. ജില്ലാ സെക്രട്ടറി അഡ്വ. വി. ജോയ് വാർത്താസമ്മേളനത്തിൽ ആരോപിച്ചു. ആർ.എസ്.എസ്. ശാഖയിൽ പീഡനം ആരോപിച്ച കാഞ്ഞിരപ്പള്ളി സ്വദേശി അനന്തു അജിയുടെ മരണവുമായി ബന്ധപ്പെട്ട് മികച്ച അന്വേഷണമാണ് നടക്കുന്നതെന്നും, അടുത്ത ദിവസങ്ങളിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.(More information will be available on Ananthu Aji's death, V Joy criticizes BJP)
അനന്തു അജിയുടെ ഫേസ്ബുക്ക് കുറിപ്പിൽ നിന്നും 'പ്രകൃതിവിരുദ്ധ രീതികൾ അവലംബിക്കുന്ന പ്രസ്ഥാനം വേറെയില്ല' എന്ന് വ്യക്തമാക്കുന്നുണ്ട്. ആർ.എസ്.എസ്. - ബി.ജെ.പി. ഭാഗത്തുനിന്ന് വലിയ സമ്മർദ്ദമാണ് ആനന്ദിന് ഉണ്ടായത്. അതുകൊണ്ടാണ് മൃതശരീരം ഒരു ആർ.എസ്.എസുകാരനെയും കാണിക്കരുത് എന്ന് ആനന്ദ് ആത്മഹത്യാക്കുറിപ്പിൽ എഴുതിയത്.
മണൽ മാഫിയക്ക് വേണ്ടിയാണ് ആനന്ദ് തമ്പിയെ സ്ഥാനാർത്ഥിത്വത്തിൽ നിന്ന് ഒഴിവാക്കിയത്. ഫാസിസ്റ്റ് സംഘടന എന്ന നിലയിൽ ബി.ജെ.പി. ആനന്ദിന്‍റെ വീട്ടുകാരെ വിരട്ടുകയാണ്. ആരെങ്കിലും മരിച്ചാൽ അവരോട് ദയയോ സ്നേഹമോ കാണിക്കാൻ ബി.ജെ.പി. തയ്യാറാകുന്നില്ല. ആട്ടി ചവിട്ടി പുറത്താക്കുന്ന മനോഭാവമാണ് അവർക്കുള്ളത്. ആനന്ദിന്‍റെ മരണത്തിന് ഇടയാക്കിയ സംഭവങ്ങൾ എന്തെന്ന് ഒരു പ്രത്യേക ടീമിനെ വെച്ച് പോലീസ് സമഗ്രമായി അന്വേഷിക്കണമെന്നും സി.പി.എം. ആവശ്യപ്പെട്ടു.
തിരുമല അനിലിന്‍റെ ആത്മഹത്യ ബി.ജെ.പി. നേതാക്കളുടെ കണ്ണ് തുറപ്പിച്ചിട്ടില്ല. ബി.ജെ.പി. കാര്യങ്ങൾ ഒന്നും അറിഞ്ഞിരുന്നില്ലെന്ന് പ്രചരിപ്പിച്ച് രക്ഷപ്പെടാനാണ് ശ്രമിക്കുന്നത്. അനിൽ പ്രസിഡന്‍റായിരുന്ന സഹകരണ സ്ഥാപനവുമായി ബി.ജെ.പിക്ക് മാത്രമാണ് ബന്ധമുള്ളത്. അനിലിനെ യാതൊരു മനസ്സാക്ഷിയുമില്ലാതെ തള്ളിക്കളയുന്ന സാഹചര്യമാണ് ഉണ്ടായതെന്നും വി. ജോയ് പറഞ്ഞു. വിശ്വാസ സമൂഹത്തിന് മുന്നിൽ ബി.ജെ.പി. ഒറ്റപ്പെടുന്ന അവസ്ഥയാണ് നിലവിലുള്ളതെന്നും ആരെയും അവർ തള്ളിപ്പറയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോർപ്പറേഷനിൽ സ്ഥാനാർത്ഥിയായി ഉയർത്തി കാണിക്കുന്നത് ഒരു മുൻ ഡി.ജി.പി.യെയാണ്. ഈ ഡി.ജി.പി. സ്വന്തം വീട്ടിലേക്കുള്ള വഴി റോഡ് സേഫ്റ്റി ഫണ്ട് ഉപയോഗിച്ച് ഇന്റർലോക്ക് ചെയ്ത വ്യക്തിയാണെന്നും വി. ജോയ് ആരോപിച്ചു. "അധികാരത്തിന്‍റെ ഗർവിൽ പുതിയ സെറ്റിലുള്ള ആളുകളെ കൊണ്ടുവന്ന് പഴയ ആളുകളെ നിലംപരിശാക്കുന്ന രീതിയാണ് ബി.ജെ.പിക്ക് ഉള്ളത്. തിരുവനന്തപുരത്തെ ആളുകൾ ഇവരെ തിരിച്ചറിയണം."
മുട്ടടയിലെ യു.ഡി.എഫ്. സ്ഥാനാർത്ഥിക്ക് വോട്ട് നഷ്ടപ്പെട്ടതിൽ സി.പി.എമ്മിന് ഒരു പങ്കുമില്ല. സ്ഥാനാർത്ഥിത്വം വരുന്നതിന് ഏറെ മുൻപാണ് വൈഷ്ണ ആ വീട്ടിൽ താമസിക്കുന്നില്ല എന്ന് പരാതി സി.പി.എം. നൽകിയത്. മുട്ടട ഞങ്ങളുടെ സിറ്റിംഗ് വാർഡാണ്. പാർട്ടി പരാതി നൽകിയത് ആ കുട്ടി സ്ഥാനാർത്ഥിയാകുമോ ഇല്ലയോ എന്ന് നോക്കിയല്ലെന്നും വി. ജോയ് വ്യക്തമാക്കി. നവംബർ 21-ന് വൈകിട്ട് അഞ്ചിന് തിരുമല ജംഗ്ഷനിൽ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പങ്കെടുക്കുന്ന സമ്മേളനം നടത്തുമെന്നും വി. ജോയ് അറിയിച്ചു.