കോഴിക്കോട്: താമരശ്ശേരി കട്ടിപ്പാറയിലെ ഫ്രഷ് കട്ട് അറവു മാലിന്യ സംസ്കരണ പ്ലാന്റ് വിരുദ്ധ സമരത്തിനിടെയുണ്ടായ സംഘർഷത്തിൻ്റെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. മുഖം മറച്ചാണ് ആക്രമികൾ പ്ലാന്റിലേക്ക് എത്തിയത്. പെട്രോളുമായി എത്തിയ അക്രമികൾ വാഹനങ്ങൾക്ക് തീയിടുകയും ഫാക്ടറി കത്തിക്കുകയുമായിരുന്നു.(More CCTV footage of Thamarassery fresh cut plant attack released)
തൊഴിലാളികളെയും ജീവനക്കാരെയും അക്രമികൾ മർദ്ദിച്ചതായും പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റാൻ വന്ന ആംബുലൻസ് പോലും കടത്തിവിട്ടില്ലെന്നും പ്ലാന്റിലെ തൊഴിലാളികൾ ആരോപിച്ചു. ഭീതിപ്പെടുത്തുന്ന ആക്രമണമാണ് നടന്നതെന്നും അവർ പറഞ്ഞു.
ആക്രമണവുമായി ബന്ധപ്പെട്ട് ഡിവൈഎഫ്ഐ നേതാവ് ഉൾപ്പെടെ 321 പേർക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഡിവൈഎഫ്ഐ കൊടുവള്ളി ബ്ലോക്ക് പ്രസിഡൻ്റും ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ ടി. മെഹറൂഫാണ് ഒന്നാം പ്രതി. കലാപം, വഴി തടയൽ, അന്യായമായി സംഘം ചേരൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. പൊലീസിനെ ആക്രമിച്ചതിനാണ് 321 പേർക്കെതിരെ കേസ്.
പ്രതികളെ പിടികൂടാൻ പോലീസ് വ്യാപക തെരച്ചിൽ നടത്തുകയാണ്. കണ്ണൂർ റേഞ്ച് ഡി.ഐ.ജി സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. ഇന്നലെ വൈകിട്ടാണ് പ്ലാന്റിനു മുന്നിൽ നടന്ന സമരത്തിനിടെ സംഘർഷമുണ്ടായത്. സംഘർഷത്തിൽ കോഴിക്കോട് റൂറൽ എസ്.പി. ഉൾപ്പെടെ 16 പോലീസുകാർക്കും 25 ഓളം നാട്ടുകാർക്കും പരിക്കേറ്റിരുന്നു.
പോലീസ് നടപടിയിൽ പ്രതിഷേധിച്ച് സമരസമിതി ഹർത്താലിന് ആഹ്വാനം ചെയ്തു. കോടഞ്ചേരി, ഓമശ്ശേരി, കട്ടിപ്പാറ പഞ്ചായത്തുകളിലും കൊടുവള്ളി നഗരസഭയിലുമാണ് ഇന്ന് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
സംഭവത്തിൽ പോലീസ് നടപടി കാടത്തമാണെന്ന് ഡിസിസി പ്രസിഡൻ്റ് പ്രവീൺകുമാർ പ്രതികരിച്ചു. കോൺഗ്രസ് സമരക്കാർക്കൊപ്പമാണെന്നും നേതാക്കൾ സമരസ്ഥലം സന്ദർശിക്കുമെന്നും അദ്ദേഹം അറിയിച്ചു. "ആസൂത്രിത അക്രമം നടന്നെന്ന ഡി.ഐ.ജി.യുടെ വാക്കുകൾ ആരും വിശ്വസിക്കില്ല. ഷാഫി പറമ്പിൽ വിഷയത്തിൽ കണ്ടതുപോലെ പോലീസ് ഉദ്യോഗസ്ഥരുടെ വാക്കുകൾക്ക് വിലയില്ല. ഷാഫിയെ മർദ്ദിച്ചിട്ടില്ലെന്ന നിലപാട് കോഴിക്കോട് റൂറൽ എസ്.പിക്ക് പിന്നീട് മാറ്റേണ്ടി വന്നു," പ്രവീൺകുമാർ പറഞ്ഞു.