
ബിഗ് ബോസ് ഹൗസിലേക്ക് എത്തിയ അഞ്ച് വൈൽഡ് കാർഡുകളിൽ ഒരാളാണ് സെലിബ്രിറ്റി ഇൻ്റർവ്യൂവറും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ മസ്താനി. ആദ്യ ദിവസം മുതൽ തന്നെ സദാചാരവും കുത്തിത്തിരിപ്പും പേഴ്സണൽ അറ്റാക്കും നടത്തുന്ന മസ്താനി ക്വാളിറ്റിയില്ലാത്ത മത്സരാർത്ഥിയാണെന്നാണ് ഇപ്പോൾ ഉയരുന്ന വിമർശനം.
ആദ്യ ദിവസത്തെ ടാസ്കിൽ ബിഗ് ബോസ് ഹൗസിൽ നിൽക്കാൻ യോഗ്യതയില്ലാത്തയാൾ രേണു സുധി ആണെന്ന് മസ്താനി പറഞ്ഞിരുന്നു. അന്നേദിവസം തന്നെ ഇക്കാര്യം വീണ്ടും എടുത്തിട്ടു. ഇത്തവണ അത് വ്യക്തിപരമായ ആക്രമണമായിരുന്നു. 'രേണു സുധി, വിധവാ കാർഡ് എടുക്കുന്നു' എന്ന് പറഞ്ഞായിരുന്നു ആക്രമണം. തൻ്റെ ഭർത്താവിനെപ്പറ്റി പറയണ്ട എന്ന് പലതവണ രേണു പറഞ്ഞെങ്കിലും മസ്താനി ‘സുധി മരിച്ചല്ലോ, പിന്നെ എന്തിനാണ് ഇപ്പോൾ അദ്ദേഹത്തിൻ്റെ കാര്യം പറയുന്നത്?’ എന്ന് ചോദിച്ച് പ്രകോപിപ്പിച്ചു.
ശേഷം സദാചാരവാദം. ആര്യനും ജിസേലും പുതപ്പിനടിയിൽ അരുതാത്തത് ചെയ്തെന്ന് വന്ന സമയം മുതൽ മസ്താനി പറയുന്നുണ്ട്. അനുമോൾ ഈ ആരോപണം ഉയർത്തിയത് മസ്താനിയുടെ വാക്ക് കേട്ടാണ്. ശേഷം ഡെമോ ചെയ്ത് കാണിക്കാൻ അനുമോളെ സഹായിച്ചതും മസ്താനിയാണ്.
പിന്നീട് കുത്തിത്തിരിപ്പ്. സുഹൃത്തായിരുന്നിട്ട് ശൈത്യ പിന്നിൽ നിന്ന് കുത്തുകയാണെന്ന് അനുമോളോട്, മസ്താനി പറയുന്നു. തുടക്കം മുതൽ തന്നെ ഇങ്ങനെയാണെന്ന് മസ്താനി പറയുമ്പോൾ അനുമോൾ കരയുന്നു. ഇതിനിടെ റെനയുടെ കാമുകനെപ്പറ്റിയും മസ്താനി പറയുന്നുണ്ട്. ഇത് കേട്ട് റെനയും കരയുന്നു.
ഇതെല്ലാം കണ്ടിട്ട്, 'സദാചാരവാദവും പേഴ്സണൽ അറ്റാക്കുമല്ലാതെ മസ്താനിക്ക് വേറെ ഗെയിം ഒന്നുമില്ലേ?' എന്നാണ് ഉയരുന്ന വിമർശനം. ബിഗ് ബോസ് വീട്ടിൽ നിൽക്കാൻ യോഗ്യതയില്ലാത്ത വ്യക്തിയാണ് മസ്താനിയെന്നും പ്രേക്ഷകർ വിലയിരുത്തുന്നു.