
ഡൽഹി: 2025 ലെ മൺസൂൺ കാലത്ത് സാധാരണയേക്കാൾ കൂടുതൽ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു. അതേസമയം , കേരളത്തിൽ സാധാരണയായി ജൂൺ 1 ന് ആരംഭിച്ച് സെപ്റ്റംബർ പകുതിയോടെ പിൻവാങ്ങുന്നതാണ് തെക്കുപടിഞ്ഞാറൻ മൺസൂൺ. ശരാശരിയേക്കാൾ കൂടുതൽ മഴ ലഭിക്കുമെന്നത് കാർഷിക മേഖലയ്ക്ക് വലിയ അനുഗ്രഹമായിരിക്കും.എൽ നിനോ അവസാനിച്ചു, ലാ നിന സാഹചര്യങ്ങൾ 2025 ലെ മൺസൂണിന് അനുകൂലമായേക്കാം. ഇത് ഇന്ത്യയിൽ നല്ല മഴ ലഭിക്കുന്നതിന് കാരണമാകുന്ന ഘടകമാണെന്നും കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു. ഈ വർഷം, ചുരുക്കം ചില പ്രദേശങ്ങൾ ഒഴികെ, രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും അനുകൂലമായ മഴ ലഭിക്കാൻ സാധ്യതയുണ്ട്. നാല് മാസത്തെ മൺസൂൺ സീസണിൽ ലഡാക്ക്, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ, തമിഴ്‌നാട് എന്നിവിടങ്ങളിൽ മഴ സാധാരണയിലും താഴെയായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു. കർഷകർക്കും സമ്പദ്‌വ്യവസ്ഥയ്ക്കും നല്ല അവസരങ്ങൾ നൽകുന്നതായിരിക്കും ഈ മൺസൂൺ എന്നും കാലാവസ്ഥാ വകുപ്പിന്റെ പ്രവചനത്തിൽ പറയുന്നു.