

പുരാവസ്തു തട്ടിപ്പുകേസ് പ്രതി മോൻസൺ മാവുങ്കൽ നൽകിയ മോഷണ പരാതി വ്യാജമാണോ എന്ന് പോലീസ് സംശയം. മോൻസൺ വാടകയ്ക്ക് താമസിച്ചിരുന്ന വീട് ഒഴിയുന്നത് നീട്ടിവെക്കാനുള്ള തന്ത്രമാണിതെന്നാണ് പോലീസ് വിലയിരുത്തുന്നത്. കഴിഞ്ഞ വർഷവും മോൻസൺ സമാനമായ ഒരു മോഷണ പരാതി പോലീസിൽ നൽകിയിരുന്നു. അന്ന് അത് വ്യാജമാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് നിലവിലെ പരാതിയും വ്യാജമാണോ എന്ന് പോലീസ് സംശയിക്കുന്നത്. 20 കോടിയുടെ വസ്തുക്കളാണ് വീട്ടിൽ നിന്നും മോഷണം പോയി എന്നാണ് പരാതിയിൽ പറയുന്നത്. ( Monson Mavunkal)
നിലവിൽ പോക്സോ കേസിൽ ജയിലിൽ കഴിയുന്ന മോൻസൺ, വീട്ടിലെ വസ്തുക്കൾ മാറ്റാൻ കോടതിയിൽ നിന്ന് അനുമതി തേടിയിരുന്നു. കോടതിയിൽ നിന്നും അനുമതി ലഭിച്ചതിന് പിന്നാലെ വീട്ടിലെത്തിയപ്പോഴാണ് വാതിൽ പൊളിച്ച നിലയിലും സിസിടിവി തകർത്ത നിലയിലും കണ്ടതെന്നും, തുടർന്ന് മോഷണം നടന്നതായി പരാതി നൽകിയെന്നുമാണ് പറയുന്നത്. എന്നാൽ, വീട്ടിൽ മോഷണം നടന്നതിന്റെ യാതൊരു ലക്ഷണങ്ങൾ കാണുന്നില്ലെന്നാണ് പോലീസ് വ്യക്തമാക്കുന്നു. നേരത്തെ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ ഉണ്ടായിരുന്ന ഈ വീട് ഉടമസ്ഥർക്ക് കൈമാറുകയും, മോൻസന് പുരാവസ്തുക്കൾ കൈമാറാൻ കോടതി നിർദേശിക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം നടത്തുമെന്നും അറിയിച്ചിട്ടുണ്ട്.
Summary: Police suspect that the recent theft complaint filed by artifact fraud case accused Monson Mavunkal, claiming items worth ₹20 crore were stolen from his rented house, might be false.