തിരുവനന്തപുരം : പാലോട് മങ്കയം പമ്പ് ഹൗസിന് സമീപത്ത് കുരങ്ങന്മാരെ കൂട്ടത്തോടെ ചത്ത നിലയില്‍ കണ്ടെത്തി. 13 കുരങ്ങന്‍മാരെയാണ് ചത്ത നിലയില്‍ കണ്ടെത്തിയത്. വാനരന്മാരുടെ വായില്‍നിന്നു നുരയും പതയും വന്ന നിലയിലാണ്.
ഞായറാഴ്ച രാവിലെ 11.30-ഓടെയാണ് പ്രദേശവാസികള്‍ വാനരന്മാരെ കണ്ടെത്തിയത്. ആര്‍.ആര്‍.ടി സംഘം എത്തി ചത്ത കുരങ്ങന്മാരെ പെരിങ്ങമ്മല ഫോറസ്റ്റ് സെക്ഷന്‍ ഓഫീസിലേക്ക് മാറ്റി.എങ്ങനെ മരണം സംഭവിച്ചു എന്നറിയാന്‍ പാലോട് അനിമല്‍ ഡിസീസില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തും.
കഴിഞ്ഞ ദിവസങ്ങളില്‍ ഓരോ വാനരന്‍മാരെയായി ഇത്തരത്തില്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ നാട്ടുകാര് കാര്യമാക്കിയിരുന്നില്ല. ഇന്നാണ് കൂട്ടത്തോടെ ചത്തനിലയില്‍ വാനരന്‍മാരെ കണ്ടെത്തിയത്.
വാനരശല്യം രൂക്ഷമായതുകൊണ്ട് ആരെങ്കിലും വിഷംവെച്ചതാണോ അതോ എന്തെങ്കിലും അസുഖം വന്ന് ചത്തതാണോ എന്നതില്‍ വ്യക്തത വന്നിട്ടില്ലെന്നാണ് വനം വകുപ്പിന്റെ വിശദീകരണം.