
കൊച്ചി: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രോത്സവങ്ങളുടേ പേരിലുള്ള പണപ്പിരിവിന് നിയന്ത്രണം ഏര്‍പ്പെടുത്തി ഹൈക്കോടതി. അസിസ്റ്റന്റ് ദേവസ്വം കമ്മിഷണറുടെ സീലോടു കൂടിയ രസീത് ഉപയോഗിച്ചു മാത്രമേ ഭക്തരില്‍ നിന്ന് പിരിവ് നടത്താവൂ എന്നും ജസ്റ്റിസുമാരായ അനില്‍ കെ നരേന്ദ്രന്‍, മുരളീകൃഷ്ണ എന്നിവരടങ്ങിയ ബെഞ്ച് നിർദേശം നൽകി.
ഉത്സവങ്ങള്‍ക്ക് ക്ഷേത്രോപദേശ സമിതികള്‍ക്ക് പണപ്പിരിവ് നടത്താം. എന്നാല്‍ പിരിവ് നടത്തുന്നതിന് മുമ്പ് ദേവസ്വം ബോര്‍ഡില്‍ നിന്നും രസീത് സീല്‍ ചെയ്ത് വാങ്ങി വേണം പണപ്പിരിവ് നടത്തേണ്ടത്. പിരിച്ചെടുക്കുന്ന പണം ദേവസ്വം ബോര്‍ഡിന്റെ അക്കൗണ്ടില്‍ അടയ്ക്കണമെന്നും ദേവസ്വം ബോര്‍ഡിന്റെ അക്കൗണ്ട് വഴി വേണം ഉത്സവത്തിന് പണം ചെലവഴിക്കാനെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.