കൊച്ചി: പൊലീസുകാരനെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ അന്വേഷണം ഊർജിതമാക്കി പോലീസ്. ഒളിവിലുള്ള എസ്.ഐ. കെ.കെ. ബൈജുവിന്റെ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്ന് അന്വേഷണ സംഘം അറിയിച്ചു. കൂടാതെ, കേസിന് ആസ്പദമായ സ്പായുടെ മറവിലെ നിയമവിരുദ്ധ പ്രവർത്തനങ്ങളെക്കുറിച്ചും അന്വേഷണം നടത്തുമെന്ന് പോലീസ് വ്യക്തമാക്കി. എസ്.ഐ. ബൈജു അടങ്ങുന്ന സംഘം മറ്റാരെയെങ്കിലും ഭീഷണിപ്പെടുത്തി പണം വാങ്ങിയോ എന്നും അന്വേഷിക്കുന്നുണ്ട്.(Money fraud, Investigation focusing on moves of the spa)
എറണാകുളത്ത് ഒരു പൊലീസുകാരനെ ഭീഷണിപ്പെടുത്തി നാല് ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് കേസ്. സ്പായിൽ പോയ പൊലീസുകാരനെ, അവിടുത്തെ ജീവനക്കാരിയുടെ സ്വർണമാല മോഷ്ടിച്ചെന്ന് വ്യാജമായി ഭീഷണിപ്പെടുത്തിയായിരുന്നു പണം തട്ടിയത്. വ്യാജ പരാതി ഉന്നയിച്ച സ്പാ ജീവനക്കാരി രമ്യയെ ഇന്നലെ പാലാരിവട്ടം പോലീസ് ചമ്പക്കരയിൽ നിന്നാണ് പിടികൂടിയത്. കേസിൽ മൂന്നാം പ്രതിയാണ് രമ്യ.
പൊലീസുകാരനെ ഭീഷണിപ്പെടുത്താൻ ക്വട്ടേഷൻ നൽകിയത് സുൽഫിക്കർ എന്നയാൾക്കാണെന്നാണ് അറസ്റ്റിലായ രമ്യയുടെ മൊഴി. കേസിലെ രണ്ടാം പ്രതിയായ ബൈജുവിന്റെ കൂട്ടാളി ഷിഹാമിനെ കഴിഞ്ഞ ദിവസമാണ് പോലീസ് അറസ്റ്റ് ചെയ്തത്. കേസിലെ പ്രധാന പ്രതികളിൽ ഒരാളും പാലാരിവട്ടം സ്റ്റേഷനിലെ എസ്.ഐ.യുമായിരുന്ന കെ.കെ. ബൈജു ഒളിവിൽ തുടരുകയാണ്. അറസ്റ്റ് ഭയന്നാണ് ഇയാൾ ഒളിവിൽ പോയത്.
പോലീസ് ഇയാൾ താമസിക്കുന്ന വീട്ടിലെത്തി അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. ബൈജുവിന്റെ മൊബൈൽ ഫോണും സ്വിച്ച് ഓഫ് നിലയിലാണ്. സംഭവത്തെ തുടർന്ന് എസ്.ഐ. ബൈജുവിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തിരിക്കുകയാണ്.പ്രതികളായ രമ്യയേയും ഷിഹാമിനെയും ചോദ്യം ചെയ്യുന്നതിലൂടെ ബൈജുവിനെ കണ്ടെത്താനും ക്വട്ടേഷൻ നൽകിയ സുൽഫിക്കറിനെ പിടികൂടാനും സാധിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.