

കൊച്ചി: പുലിപ്പല്ലുമായി റാപ്പര്‍ വേടന് അറസ്റ്റിലായതിനു പിന്നാലെ നടന് മോഹന്‍ലാല്‍ പ്രതിയായ ആനക്കൊമ്പു കേസും വീണ്ടും ചര്‍ച്ചയാകുന്നു. വേടനെ കുടുക്കാന്‍ തിടുക്കം കാട്ടിയ വനം വകുപ്പ് മോഹന്‍ലാലിന്‍റെ കേസില്‍ മെല്ലെപ്പോക്ക് തുടരുകയാണെന്നാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്.
2012 ജൂണിലാണ് മോഹന്‍ലാലിന്‍റെ തേവരയിലുള്ള വീട്ടില്‍നിന്ന് ആദായ നികുതി വകുപ്പ് നാല് ആനക്കൊമ്പുകള്‍ കണ്ടെത്തിയത്.
ആനക്കൊമ്പ് സൂക്ഷിക്കാൻ ലൈസൻസ് ഇല്ലാത്ത മോഹന്‍ലാല്‍ മറ്റ് രണ്ട് പേരുടെ ലൈസൻസിലാണ് ആനക്കൊമ്പുകള്‍ സൂക്ഷിച്ചതെന്നും അന്വേഷണസംഘം കണ്ടെത്തിയിരുന്നു.കേസ് രജിസ്റ്റർ ചെയ്ത് ഏഴ് വർഷത്തിന് ശേഷമായിരുന്നു കേസിൽ മോഹൻലാലിനെ പ്രതിചേർത്ത് പോലീസ് കുറ്റപത്രം സമർപ്പിച്ചത്. അന്വേഷണത്തിനൊടുവിൽ വന്യജീവി സംരക്ഷണ നിയമത്തിന്റെ പരിധിയിൽ ഈ കേസ് വരുന്നില്ലെന്നു കണ്ട് കേസ് പിൻവലിച്ചു.
ആദായ നികുതി വകുപ്പ് മോഹൻലാലിന്റെ വീട്ടിൽ പരിശോധനയ്ക്കിടെ കസ്റ്റഡിയിലെടുത്ത കൊമ്പുകൾ കഴിഞ്ഞ യു.ഡി.എഫ് മന്ത്രിസഭയുടെ കാലത്ത് വനംവകുപ്പു മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ മുൻകൈയെടുത്ത് തിരിച്ചു നൽകുകയും ചെയ്തു. തുടർന്ന് കൊമ്പ് സൂക്ഷിക്കാൻ ലാലിന് ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ അനുമതിയും നൽകി.ഇതിനെ ചോദ്യം ചെയ്ത് എറണാകുളം സ്വദേശിയായ പി.പി. പൗലോസ് നൽകിയ ഹര്‍ജികള്‍ ഇപ്പോഴും ഹൈക്കോടതിയിലുണ്ട്.