
ഈ ആഴ്ച മോഹൻലാൽ മത്സരാർത്ഥികളെ കാണാൻ ബിഗ് ബോസ് വീട്ടിലെത്തില്ല. ഇക്കാര്യം മോഹൻലാൽ തന്നെ ഔദ്യോഗികമായി അറിയിച്ചു. ഏഷ്യാനെറ്റ് യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ട പ്രൊമോയിലാണ് ഇക്കാര്യം അറിയിച്ചത്. ശനിയും ഞായറുമാണ് വീക്കെൻഡ് എപ്പിസോഡുകൾ. ചില വൈൽഡ് കാർഡ് എൻട്രികൾ ഈ ആഴ്ച വരുമെന്നും സൂചനകളുണ്ട്.
മോഹൻലാലിന് ഒരു അൺനോൺ നമ്പരിൽ നിന്ന് കോൾ വരുന്നതിലാണ് പ്രൊമോയുടെ തുടക്കം. കുറേ നേരമായി അൺനോൺ നമ്പരിൽ നിന്ന് ഫോൺ വരുന്നു എന്ന് പറഞ്ഞ് അദ്ദേഹം ഫോണെടുക്കുന്നു. മാവേലിയാണെന്നാണ് മറുവശത്തുള്ളയാൾ പറയുന്നത്. താൻ മലയാള നാട്ടിലെത്തിയെന്നും ഈ ആഴ്ച ബിഗ് ബോസ് വീട്ടിലെത്തി ലാലേട്ടനെയും അവിടുത്തെ പ്രജകളെയും കാണണമെന്നുണ്ട് എന്ന് പറയുമ്പോൾ, ‘ഒരു ചെറിയ പ്രശ്നമുണ്ട്’ എന്ന് മോഹൻലാൽ പറയുന്നു. ഈ സമയത്ത് കോൾ കട്ടാവുന്നു.
ഇത് മോഹൻലാൽ കാണുന്ന സ്വപ്നമാണ്. ഉറക്കത്തിൽ നിന്ന് ഞെട്ടിയെഴുന്നേറ്റ ശേഷം, "ഒഴിവാക്കാനാവാത്ത ഒരു വിദേശയാത്ര കാരണം ഇത്തവണ ഞാൻ ബിഗ് ബോസ് വീട്ടിലെത്തില്ല. പക്ഷേ, പതിവുപോലെ ഞാൻ ബിഗ് ബോസ് കുടുംബാംഗങ്ങളെ കാണും. ഇവിടെയിരുന്ന് ഞാൻ അവർക്കൊപ്പം ചേരും. അപ്പോൾ ഇത്തവണ അകലങ്ങളിലിരുന്ന് നമ്മൾ അടുത്ത് കാണും." എന്ന് അദ്ദേഹം പറയുന്നു.