

വൈക്കം: ബ്ലോക്ക്ബസ്റ്റർ ചിത്രമായ 'തുടരും' സിനിമയ്ക്ക് ശേഷം തരുൺ മൂർത്തിയും മോഹൻലാലും വീണ്ടും ഒന്നിക്കുന്ന പുതിയ ചിത്രത്തിന് ഔദ്യോഗിക തുടക്കം. ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാൻ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥാ പൂജ വെള്ളിയാഴ്ച (ജനുവരി 16) വൈക്കം മഹാദേവ ക്ഷേത്രത്തിൽ വെച്ച് നടന്നു. ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ 21-ാമത് ചിത്രമാണിത്.
തരുൺ മൂർത്തിയുടെ മുൻ ചിത്രങ്ങളായ ഓപ്പറേഷൻ ജാവ, സൗദി വെള്ളക്ക, തുടരും എന്നിവയുടെയെല്ലാം തുടക്കം വൈക്കം മഹാദേവ ക്ഷേത്രത്തിലായിരുന്നു. ആ പതിവ് തെറ്റിക്കാതെയാണ് പുതിയ ചിത്രത്തിനും ഇവിടെ വെച്ച് തുടക്കമിട്ടത്. ലളിതമായ ചടങ്ങിൽ ചിത്രത്തിന്റെ പ്രധാന അണിയറ പ്രവർത്തകർ പങ്കെടുത്തു.
ഏറെ കാലത്തെ ഇടവേളയ്ക്ക് ശേഷം മോഹൻലാൽ ഒരു പോലീസ് ഉദ്യോഗസ്ഥനായി സ്ക്രീനിലെത്തുന്നു എന്നതാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. നീണ്ട കാലത്തിന് ശേഷം മോഹൻലാലും മീരാ ജാസ്മിനും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
രതീഷ് രവിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ഷാജികുമാർ ഛായാഗ്രഹണവും ജെയ്ക്സ് ബിജോയ്സ് സംഗീത സംവിധാനവും നിർവ്വഹിക്കുന്നു. വിവേക് ഹർഷൻ (എഡിറ്റിംഗ്), ഗോകുൽ ദാസ് (പ്രൊഡക്ഷൻ ഡിസൈൻ) എന്നിവരും സംഘത്തിലുണ്ട്. നടൻ ബിനു പപ്പു കോ-ഡയറക്ടറായി പ്രവർത്തിക്കുന്നു.
ജനുവരി 23-ന് തൊടുപുഴയിൽ ചിത്രീകരണം ആരംഭിക്കും. സെൻട്രൽ പിക്‌ചേഴ്‌സാണ് ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നത്. മലയാളത്തിലെ മറ്റ് പ്രമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.