
കൊച്ചി: റീ റിലീസുകളിലൂടെ മലയാള സിനിമ തിയേറ്ററുകളിൽ വീണ്ടും തരംഗം സൃഷ്ടിക്കുമ്പോൾ, മോഹൻലാൽ ആരാധകർക്ക് സന്തോഷവാർത്ത. മോഹൻലാലിൻ്റെ ക്ലാസിക് ചിത്രം 'ഗുരു' വീണ്ടും തിയേറ്ററുകളിലേക്ക് എത്താനൊരുങ്ങുന്നു. നടനും സംവിധായകനുമായ മധുപാൽ ഒരു അഭിമുഖത്തിലാണ് ഈ വിവരം വെളിപ്പെടുത്തിയത്.
മോഹൻലാലിൻ്റെ എക്കാലത്തെയും സൂപ്പർഹിറ്റുകളായ 'രാവണപ്രഭു', 'മണിച്ചിത്രത്താഴ്' തുടങ്ങിയ ചിത്രങ്ങൾ റീ റിലീസിൽ വലിയ പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു. 'രാവണപ്രഭു'വാണ് റീ റിലീസ് ചെയ്ത മലയാള സിനിമകളിൽ ഏറ്റവും കൂടുതൽ പ്രേക്ഷകരെ വീണ്ടും തിയേറ്ററുകളിലേക്ക് എത്തിച്ചത്.
'ഗുരു'വിന് തിയേറ്റർ റിലീസിനായി ആവശ്യം ശക്തം
'രാവണപ്രഭു' റീ റിലീസ് ചെയ്തതുപോലെ 'ഗുരു'വും വീണ്ടും തിയേറ്ററുകളിലേക്ക് എത്തുമെന്ന് മധുപാൽ പറഞ്ഞു. സിനിമ യൂട്യൂബിലും ടിവിയിലും വരുമ്പോഴെല്ലാം ആളുകൾ തിയേറ്റർ റിലീസിനെക്കുറിച്ച് അന്വേഷിക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജീവ് അഞ്ചൽ സംവിധാനം ചെയ്ത് 1997-ൽ ജനസമ്മതി ക്രിയേഷൻസിന്റെ ബാനറിൽ പുറത്തിറങ്ങിയ ചിത്രമാണ് 'ഗുരു'. മോഹൻലാലിന് പുറമെ നെടുമുടി വേണു, ശ്രീനിവാസൻ, സുരേഷ് ഗോപി, സിത്താര, ശ്രീലക്ഷ്മി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു.