
ബിഗ് ബോസ് ഏഴാം സീസൺ ആരംഭിച്ച് മൂന്ന് ആഴ്ച പിന്നിടുമ്പോൾ വാശീയേറിയ പോരാട്ടമാണ് ഹൗസിനുള്ളിൽ നടക്കുന്നത്. വ്യത്യസ്ത ടാസ്കും ഗെയിംമുമാണ് ഇത്തവണ മത്സരാർത്ഥികളെ കാത്തിരിക്കുന്നത്. അത്തരത്തിലുള്ള സൂചനയാണ് പുതിയ ബിഗ് ബോസ് പ്രോമോ നൽകുന്നത്. ഏഷ്യാനെറ്റ് പുറത്തുവിട്ട പുതിയ പ്രോമോയിൽ മത്സരാർത്ഥികൾക്ക് എട്ടിന്റെ പണിയുമായാണ് മോഹൻലാൽ എത്തിയത്.
വീട് പരിശോധിക്കാൻ വീടിനകത്തേക്ക് എത്തിയ മോഹൻലാലാണ് പ്രോമോയിൽ. ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിലാദ്യമായാണ് മോഹൻലാൽ ഇങ്ങനെ വീട്ടിലെത്തുന്നത്. ഇതിനുമുൻപ് മത്സരാർത്ഥികളുടെ ആവശ്യപ്രകാരം വിശേഷ ദിവസങ്ങളിൽ വീട്ടുകാരെ കാണാൻ മോഹൻലാൽ വീടിനുള്ളിലേക്ക് എത്തിയിട്ടുണ്ട്. എന്നാൽ ഇത് ആദ്യമായാണ് മത്സരാർത്ഥികളെ എല്ലാവരെയും പുറത്തുനിർത്തി മോഹൻലാൽ വീട്ടിനകത്ത് മിന്നൽ പരിശോധന നടത്തുന്നത്. മോഹൻലാൽ ഒറ്റക്കല്ല, കൂടെ റോബോട്ടായ സ്പൈക്കുട്ടനുമുണ്ട്.
വീട്ടിലെക്കെത്തിയ മോഹൻലാൽ അടുക്കളയും ബെഡ്‌റൂമും ബാത്റൂമും അടക്കം വിശദമായി പരിശോധിക്കുന്നതും പ്രൊമോയിൽ കാണാം. വൃത്തിഹീനമായി കിടക്കുന്ന അടുക്കള, കിടപ്പുമുറി എന്നിവയെല്ലാം മോഹൻലാൽ പരിശോധിക്കുന്നുണ്ട്. തിരികെ ഫ്ലോറിൽ എത്തിയശേഷം ഓരോ കാര്യങ്ങളായി ചോദ്യം ചെയ്യുന്ന മോഹൻലാൽ വീട് മോശമാക്കി ഇട്ടവർക്കുള്ള പണിഷ്‌മെന്റും നൽകുമെന്നാണ് പ്രൊമോ സൂചിപ്പിക്കുന്നത്.
അടുക്കളയിൽ ഉപയോഗിക്കുന്ന കത്തികൊണ്ട് ആര്യൻ മുഖം ഷേവ് ചെയ്‍ത കാര്യം മോഹൻലാൽ ചോദ്യം ചെയ്യുന്നതും ഇതിനു മറുപടി നൽകാതെ ഇരിക്കുന്ന ആര്യനെയും വീഡിയോയിൽ കാണാം. ഇതിനു ശിക്ഷയായി ആര്യന്റെ ആം ബാൻഡ് മോഹൻലാൽ തിരിച്ചെടുക്കുന്നതും ഇതിനി തിരിച്ച് കിട്ടില്ലെന്നും മോഹൻലാൽ പറയുന്നുണ്ട്.