
ആന്റണി ജോൺ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 2.34 കോടി രൂപ വിനിയോഗിച്ച് നിർമ്മാണം പൂർത്തീകരിച്ച കോതമംഗലത്തെ ആധുനിക കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ ഇന്ന് ( ഒക്ടോബർ 11) നാടിന് സമർപ്പിക്കും. വൈകിട്ട് 4 ന് നടക്കുന്ന ചടങ്ങിൽ ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാറാണ് ടെർമിനലിന്റെ ഉദ്ഘാടനം നിർവഹിക്കുന്നത്.
ഇരുനിലകളിലായാണ് പുതിയ ടെർമിനൽ മന്ദിരം നിർമ്മിച്ചിരിക്കുന്നത്. താഴത്തെ നിലയിൽ യാത്രക്കാർക്കായുള്ള ശീതീകരിച്ച വെയിറ്റിംഗ് റൂമും, സ്റ്റേഷൻ മാസ്റ്ററുടെ മുറി, അന്വേഷണ വിഭാഗം, ജീവനക്കാരായ സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം വെയിറ്റിംഗ് മുറി, ഫീഡിങ് റൂം എന്നിവയും
ഒന്നാം നിലയിൽ യൂണിറ്റ് ഓഫീസ്, മിനി കോൺഫറൻസ് ഹാൾ, ടിക്കറ്റ് ക്യാഷ് കൗണ്ടർ, സ്റ്റോർ, ശുചിമുറികൾ എന്നീ സൗകര്യങ്ങളുമാണ് ക്രമീകരിച്ചിരിക്കുന്നത്.
ബസ് സ്റ്റാന്റിൽ എത്തുന്ന യാത്രകാർക്ക് സൗകര്യപ്രദമായി സമയ ക്രമവും മറ്റ് അറിയിപ്പുകളും ദൃശ്യമാകുന്ന എൽ.ഇ.ഡി ഡിസ്പ്ലേയും സ്ഥാപിച്ചിട്ടുണ്ട്. ഒരേ സമയം എട്ടു ബസുകൾ പാർക്ക് ചെയ്യാൻ സാധിക്കുന്ന രീതിയിലുള്ള റൂഫും ടെർമിനലിനോട് അനുബന്ധമായി നിർമ്മിച്ചിട്ടുണ്ട്.
നാലര പതിറ്റാണ്ടോളം പ്രവർത്തന പാരമ്പര്യമുള്ള കോതമംഗലം കെ.എസ്.ആർ.ടി.സി യൂണിറ്റിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വികസനമാണ് പുതിയ ബസ് ടെർമിനലിലൂടെ സാധ്യമായിട്ടുള്ളതെന്നും ഈ പ്രവർത്തനത്തോട് സഹകരിച്ച എല്ലാ സംഘടനകളോടും വ്യക്തികളോടും സ്ഥാപനങ്ങളോടും പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നതായും ആന്റണി ജോൺ എം.എൽ.എ പറഞ്ഞു.