
കൊല്ലം: എട്ടാം ക്ലാസ് വിദ്യാർഥി മിഥുൻ ഷോക്കേറ്റ് മരിച്ചതിൽ പ്രതിഷേധിച്ച് കൊല്ലം ജില്ലയിൽ നാളെ കെ.എസ്.യു, എ.ബി.വി.പി സംഘടനകൾ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു. വിദ്യാഭ്യാസ-വൈദ്യുതി വകുപ്പുകളുടെ മാപ്പർഹിക്കാത്ത അനാസ്ഥയിൽ പ്രതിഷേധിച്ചാണ് ബന്ദ്.
ഇന്ന് രാവിലെ സ്കൂളിൽ കളിക്കുന്നതിനിടെയാണ് എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുൻ (13) ഷോക്കേറ്റ് മരിച്ചത്. കളിക്കുന്നതിനിടെ കെട്ടിടത്തിന് മുകളിൽ വീണ ചെരുപ്പ് എടുക്കാൻ കയറിപ്പോഴായിരുന്നു അപകടം. ഷോക്കേറ്റ മിഥുനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അതേ സമയം, മിഥുന്റെ അമ്മ സുജ മറ്റന്നാൾ എത്തുമെന്ന് വിവരം. നാളെ വൈകിട്ട് തുർക്കിയിൽ നിന്ന് കുവൈറ്റിൽ എത്തും. ശനിയാഴ്ച രാവിലെ കുവൈറ്റിൽ നിന്ന് തിരുവനന്തപുരത്തെത്തുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. നാല് മാസം മുന്‍പാണ് സുജ വിദേശത്തേക്ക് പോയത്.
കുവൈറ്റിലുള്ള കുടുംബത്തിലേക്ക് വീട്ടുജോലിക്കായാണ് സുജ പോയത്. ഈ കുടുംബം തുര്‍ക്കിയിലേക്ക് വിനോദയാത്ര പോയിരിക്കുകയായിരുന്നു. മകന്‍റെ ദുരന്ത വിവരം അറിയിക്കാൻ ബന്ധുക്കള്‍ സുജയെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല. ഒടുവിൽ വൈകുന്നേരത്തോടെയാണ് വിവരം സുജയെ അറിയിച്ചത്.