തിരുവനന്തപുരം: ബലാത്സംഗം, നിർബന്ധിതവും ആശാസ്ത്രീയവുമായ ഗർഭഛിദ്രം കേസുകൾ നേരിടുന്ന കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയ കോടതി ഉത്തരവ് പുറത്ത്. 22 പേജുള്ള ഉത്തരവാണ് കോടതി പുറപ്പെടുവിച്ചത്. രാഹുലിന്റെ അഭിഭാഷകൻ ഉന്നയിച്ച ആരോപണങ്ങളും പ്രോസിക്യൂഷൻ വാദങ്ങളും ഉത്തരവിൽ പറയുന്നു
തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷയും അറസ്റ്റ് തടയണമെന്ന ഹർജിയും തള്ളിയത്.പ്രതി ഉന്നത സ്വാധീനമുള്ള വ്യക്തിയാണെന്ന പ്രോസിക്യൂഷൻ വാദം കോടതിക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. എംഎൽഎ എന്ന പദവി ഉപയോഗിച്ച് കേസിൽ സ്വാധീനം ചെലുത്തുകയും സാക്ഷികളെയും പരാതിക്കാരെയും ഭീഷണിപ്പെടുത്തുകയും തെളിവ് നശിപ്പിക്കുകയും ചെയ്യാനുള്ള സാധ്യതയുണ്ടെന്ന് കോടതി വ്യക്തമാക്കി,. ഈ ഒറ്റ കാരണത്താലാണ് രാഹുൽ മാങ്കൂട്ടത്തിലിന് മുൻകൂർ ജാമ്യം നിഷേധിച്ചത്.
പ്രതിഭാഗം ഉയർത്തിയ വാദങ്ങൾ എല്ലാം കോടതി തള്ളി. കേസ് അന്വേഷണത്തിന്റെ തുടക്കഘട്ടത്തിലാണെന്നും അറസ്റ്റ് അനിവാര്യമാണെന്നും കോടതി വ്യക്തമാക്കി.കേസിന് പിന്നാലെ പാലക്കാട്ടെ എംഎൽഎ ഓഫീസ് പൂട്ടി ഒളിവിൽ പോയിരിക്കുകയാണ് മാങ്കൂട്ടത്തിൽ. ജാമ്യാപേക്ഷ നിഷേധിച്ചതോടെ മാങ്കൂട്ടത്തിലിനെ പ്രാഥമിക അംഗത്വത്തിൽനിന്ന് പുറത്താക്കിയതായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് അറിയിച്ചു.