തിരുവനന്തപുരം: 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കേരളത്തിൽ പ്രവർത്തനങ്ങൾ ശക്തമാക്കാൻ ബിജെപി തീരുമാനം. ജനുവരി അവസാനത്തോടെ കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ബിജെപിയുടെ തിരഞ്ഞെടുപ്പ് കർമ്മപദ്ധതിയായ ‘മിഷൻ 2026’ പ്രഖ്യാപിക്കും. പ്രധാന നേതാക്കൾ മത്സരിക്കാൻ സാധ്യതയുള്ള മണ്ഡലങ്ങളിൽ കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ കേന്ദ്ര നേതൃത്വം നിർദ്ദേശം നൽകി.(Mission 2026, BJP prepares for elections; PM to arrive in January)
പ്രധാന നേതാക്കളെ മുൻനിർത്തി മണ്ഡലങ്ങൾ പിടിച്ചെടുക്കാനാണ് ബിജെപിയുടെ നീക്കം. നേമത്ത് രാജീവ് ചന്ദ്രശേഖർ, കഴക്കൂട്ടത്ത് വി. മുരളീധരൻ, വട്ടിയൂർക്കാവിൽ മുൻ ഡിജിപി ആർ. ശ്രീലേഖ എന്നിവരെ മുൻനിർത്താനാണ് നീക്കം. തദ്ദേശ തിരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്ചവെച്ച 36 നിയമസഭാ മണ്ഡലങ്ങളിൽ പ്രത്യേക ശ്രദ്ധ നൽകാനാണ് പാർട്ടിയുടെ തീരുമാനം. ഈ മണ്ഡലങ്ങളിൽ നേരത്തെ തന്നെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് പ്രചാരണം തുടങ്ങാനും നീക്കമുണ്ട്.
കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലെ കണക്കുകൾ ബിജെപിക്ക് വലിയ പ്രതീക്ഷയാണ് നൽകുന്നത്. 45,000-ത്തിന് മുകളിൽ വോട്ട് ഉള്ളത് നേമം, കാട്ടാക്കട, മലമ്പുഴ, മഞ്ചേശ്വരം എന്നിവിടങ്ങളിലാണ്. കഴക്കൂട്ടം, ചെങ്ങന്നൂർ, കാസർഗോഡ് എന്നിവിടങ്ങളിൽ 40,000-ത്തിന് മുകളിൽ വോട്ട്, വട്ടിയൂർക്കാവ്, തിരുവനന്തപുരം, ചാത്തന്നൂർ, കൊട്ടാരക്കര, മാവേലിക്കര, പാലക്കാട് തുടങ്ങി 12 മണ്ഡലങ്ങളിൽ 35,000 - 40,000 വോട്ട് എന്നിങ്ങനെയാണ് നില. പ്രധാനമന്ത്രിയുടെ സന്ദർശനത്തോടെ സംസ്ഥാനത്ത് ബിജെപിയുടെ പ്രചാരണ പ്രവർത്തനങ്ങൾക്ക് ഔദ്യോഗികമായി തുടക്കമാകും.