
പാലക്കാട് : പറമ്പിക്കുളത്ത് നിന്ന് കാണാതായ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. പറമ്പിക്കുളം എർത്ത്ഡാം ഉന്നതിയിലെ മുരുകപ്പന്റെയും സുഗന്ധിയുടെയും മകൻ എം അശ്വിനെയാണ് (21) മരിച്ചത്. വ്യാഴാഴ്ച ഉച്ചയോടെ വീടിനുസമീപത്തെ വനത്തിലെ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
അട്ടപ്പാടി ഐടിഐയി വിദ്യാർത്ഥിയാണ് മരണപ്പെട്ട അശ്വിൻ.ചൊവ്വാഴ്ച പറമ്പിക്കുളം ടൈഗർ ഹാളിൽ ഉന്നതികളിൽ താമസിക്കുന്നവർക്കായി അദാലത്ത് നടത്തിയിരുന്നു. ചില രേഖകൾ പുതുക്കുന്നതിന് വീട്ടിൽ നിന്ന് ആധാറും മറ്റും എടുത്തിട്ട് പോയ അശ്വിൻ തിരിച്ചെത്തിയില്ല.
മടങ്ങിവരേണ്ട സമയം കഴിഞ്ഞതോടെ വീട്ടുകാർ അന്വേഷണം ആരംഭിച്ചു. വീട്ടുകാർ തിരിച്ച് വീട്ടിലെത്തിയപ്പോൾ പൂട്ടികിടന്ന വീട്ടിനകത്ത് അശ്വിൻ്റെ മൊബൈൽ ഫോൺ, പഴ്സ്, ആധാർകാർഡ് തുടങ്ങിയവ ഉണ്ടായിരുന്നു.
വിവരമറിഞ്ഞെത്തിയ പറമ്പിക്കുളം പൊലീസ് ഫോൺ കോൾ വിവരങ്ങൾ ശേഖരിച്ചു. ഫോണിൽ ബന്ധപ്പെട്ടവരുമായി സംസാരിച്ചെങ്കിലും ദുരൂഹമായൊന്നും കണ്ടെത്താനായില്ല.പറമ്പിക്കുളം പൊലീസ് അന്വേഷണം നടത്തുന്നതിനിടയിലാണ് ബുധനാഴ്‌ച മൃതദേഹം കണ്ടത്.