
മലപ്പുറം: താനൂരില്‍ നിന്ന് കഴിഞ്ഞ ദിവസം കാണാതായ പ്ലസ്ടു വിദ്യാര്‍ഥിനികളായ രണ്ടു പേരും മുബൈയിൽ എത്തിയതായി റിപ്പോർട്ട്. രണ്ടുപെണ്‍കുട്ടികളും മുംബൈയിലെ പന്‍വേലില്‍ എത്തിയതായാണ് പോലീസ് സ്ഥിരീകരിച്ചിരിക്കുന്നത്. അതേസമയം , എടവണ്ണ സ്വദേശിയായ യുവാവിനൊപ്പമാണ് രണ്ടുപേരും മുംബൈയിലെത്തിയതെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വിവരം. പെണ്‍കുട്ടികള്‍ പന്‍വേലിലെ ബ്യൂട്ടിപാര്‍ലറിലെത്തി മുടി ട്രിം ചെയ്യുന്നതിന്റെ വീഡിയോ നേരത്തെ പുറത്ത് വന്നിരുന്നു. പെണ്‍കുട്ടികളെ കാണാതാകുന്നതിന് മുന്‍പ് എടവണ്ണ സ്വദേശിയായ യുവാവിന്റെ നമ്പറില്‍നിന്ന് രണ്ടുപെണ്‍കുട്ടികളുടെയും ഫോണിലേക്ക് കോളുകള്‍ വന്നതായി പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഇയാളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് മുംബൈയിലെത്തിയത്. നിലവില്‍ മുംബൈ പോലീസിന്റെ സഹായത്തോടെ എത്രയുംവേഗം പെണ്‍കുട്ടികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.
താനൂര്‍ ദേവധാര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിനികളായ രണ്ടുപേരെയാണ് ബുധനാഴ്ച മുതല്‍ കാണാതായത്. ബുധനാഴ്ച പരീക്ഷയ്ക്കായി വീട്ടില്‍നിന്ന് സ്‌കൂളിലേക്ക് പോയ ഇരുവരെയും പിന്നീട് കാണാതാവുകയായിരുന്നു. ഇരുവരും പരീക്ഷയ്ക്ക് ഹാജരാകാതിരുന്നവിവരം അധ്യാപകര്‍ വീട്ടുകാരെ അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് താനൂര്‍ പോലീസില്‍ പരാതി നല്‍കിയത്.