
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരണമറിയിച്ച് വിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ഉപ്പു തിന്നവർ വെള്ളം കുടിക്കുമെന്ന് പറഞ്ഞ മന്ത്രി അതാരായാലും അങ്ങനെ തന്നെ ആയിരിക്കുമെന്ന് പ്രതികരിച്ചു.
ഗവൺമെൻ്റിന് ഒളിച്ച് വയ്ക്കാൻ ഒന്നുമില്ലെന്ന് പറഞ്ഞ മന്ത്രി, മുഖ്യമന്ത്രി തന്നെ കുറ്റക്കാർ ആരും രക്ഷപ്പെടില്ലെന്ന് പറഞ്ഞിട്ടുണ്ടെന്നും, അതിനെ അവിശ്വസിക്കേണ്ട കാര്യമില്ലെന്നും കൂട്ടിച്ചേർത്തു.
അതേസമയം, പുറത്തുവിട്ടിട്ടുള്ള ഹേമ കമ്മിറ്റി റിപ്പോർട്ടിൽ കൂടുതൽ ഭാഗങ്ങൾ സർക്കാർ വെട്ടിയത് സംബന്ധിച്ച് വിവാദമുണ്ടായി. നിലവിൽ ഉയരുന്ന ആരോപണം സർക്കാർ ഒഴിവാക്കിയത് വിവരാവകാശ കമ്മീഷൻ നിർദേശിച്ചതിനേക്കാൾ കൂടുതൽ ഭാഗങ്ങൾ ആണെന്നാണ്. സർക്കാർ റിപ്പോർട്ടിലെ 49 മുതൽ 53 വരെയുള്ള പേജുകൾ ഒഴിവാക്കിയിട്ടുണ്ട്. ആകെ ഒഴിവാക്കിയിരിക്കുന്നത് 129 പാരഗ്രാഫുകളാണ്.
ഉയരുന്ന ആരോപണം സർക്കാർ സുപ്രധാന വിവരങ്ങൾ മറച്ചുവച്ചതായാണ്. ഈ ഭാഗം ഒഴിവാക്കുന്ന കാര്യം വിവരാവകാശ നിയമ പ്രകാരം റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പിനായി അപേക്ഷകർക്ക് നൽകിയ അറിയിപ്പിലും വ്യക്തമാക്കിയിട്ടില്ല. സർക്കാരിൻ്റെ വിശദീകരണം റിപ്പോർട്ട് പുറത്തുവിട്ടത് സ്വകാര്യതയെ മാനിച്ചാണ് എന്നാണ്.