തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ നിലവിലെ മന്ത്രിമാർക്കും മുൻ മന്ത്രിമാർക്കും പങ്കുണ്ടെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. അയ്യപ്പന്റെ സ്വത്ത് മോഷ്ടിച്ചവർ ആരും രക്ഷപ്പെട്ടിട്ടില്ലെന്ന ചരിത്രം ആവർത്തിക്കുമെന്നും കൊള്ളയിൽ ഉന്നതർ ഉൾപ്പെട്ടതിനെക്കുറിച്ച് തങ്ങൾക്ക് കൃത്യമായ വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.(Ministers and former ministers have role in Sabarimala gold theft, says Ramesh Chennithala)
കേസിൽ അറസ്റ്റിലായ സ്വന്തം പാർട്ടി നേതാക്കൾക്കെതിരെ സിപിഎം ഇതുവരെ ഒരു നടപടിയും എടുത്തിട്ടില്ല. അവരെ നിയമത്തിന് മുന്നിൽ നിന്ന് രക്ഷിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്. ആരും നിയമത്തിന് അതീതരല്ല. തന്ത്രിയെ അറസ്റ്റ് ചെയ്തത് നിയമപരമായ കാര്യമാണ്, അത് അതിന്റെ വഴിക്ക് പോകട്ടെ. എന്നാൽ തന്ത്രിയെ മാത്രം കേന്ദ്രീകരിച്ച് യഥാർത്ഥ പ്രതികളെ രക്ഷിക്കാൻ എസ്ഐടി ശ്രമിക്കരുത്. കുറ്റക്കാരെ മുഴുവൻ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് 100 സീറ്റ് നേടുമെന്ന് പറഞ്ഞപ്പോൾ അതിനെ കടത്തിവെട്ടാനാണ് മുഖ്യമന്ത്രി 110 സീറ്റ് എന്ന് അവകാശപ്പെടുന്നത്. ഇത് തോൽവി ഭയക്കുന്ന ഒരാളുടെ കപട ആത്മവിശ്വാസം മാത്രമാണെന്നും ചെന്നിത്തല പരിഹസിച്ചു.
അതേസമയം, ശബരിമല സ്വർണ്ണക്കൊള്ള കേസ് തന്ത്രി കണ്ഠരര് രാജീവരരുടെ അറസ്റ്റിൽ ഒതുക്കിത്തീർക്കാൻ അനുവദിക്കില്ലെന്ന് കെ. മുരളീധരൻ. ദേവസ്വം ഭരണകർത്താക്കൾ മാത്രം വിചാരിച്ചാൽ ഇത്രയും വലിയ കൊള്ള നടക്കില്ലെന്നും ഇതിന് പിന്നിൽ രാഷ്ട്രീയ ഉന്നതരുടെ പങ്കുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
സ്വന്തം വകുപ്പിന് കീഴിൽ ഇത്രയും വലിയ തട്ടിപ്പ് നടന്നിട്ടും അത് അറിഞ്ഞില്ലെന്ന് മന്ത്രി പറയുന്നത് വിശ്വസിക്കാനാവില്ല. മാർക്‌സിസ്റ്റ് പാർട്ടി പോലൊരു സംവിധാനത്തിൽ ഇതെല്ലാം പാർട്ടിയുടെ അറിവോടെയാകും നടന്നിട്ടുണ്ടാവുകയെന്ന് അദ്ദേഹം പറഞ്ഞു.
അറസ്റ്റിലായവരെല്ലാം ഒരേ പാർട്ടിക്കാരല്ലേ എന്ന് ചോദിച്ച മുരളീധരൻ, സി.പി.എം നേതൃത്വവും മന്ത്രിയും അറിഞ്ഞില്ല എന്ന വാദം തള്ളിക്കളഞ്ഞു. തന്ത്രിയെയും ഏതാനും പേരെയും ജയിലിലടച്ച് കേസ് അവസാനിപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
കേസ് അന്വേഷണം പ്രതിപക്ഷം സസൂക്ഷ്മം നിരീക്ഷിക്കുകയാണ്. മന്ത്രിമാരെ രക്ഷിക്കാനാണ് നീക്കമെങ്കിൽ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. തന്ത്രിയെ മറയാക്കി മന്ത്രിയെ രക്ഷിക്കാൻ നോക്കേണ്ട എന്നാണ് അദ്ദേഹം പറഞ്ഞത്.