തിരുവനന്തപുരം : ഫിലിം കോൺക്ലേവ് സമാപനച്ചടങ്ങിൽ പട്ടികജാതിക്കാർക്കെതിരെ അടൂർ ഗോപാലകൃഷ്ണൻ നടത്തിയ വിവാദ പരാമർശത്തിൽ വ്യത്യസ്തത അഭിപ്രായങ്ങളുമായി ഭരണപക്ഷ മന്ത്രിമാർ. പരാമർശത്തെ ന്യായീകരിച്ചു കൊണ്ട് മന്ത്രി വി എൻ വാസവൻ പറഞ്ഞത് അത് ദുരുദ്ദേശത്തോടെയാണെന്ന് കരുതുന്നില്ല എന്നാണ്. വളച്ചൊടിച്ചു വിവാദമാക്കിയെന്നും, സർക്കാർ സ്ത്രീകൾക്കും എസ്‍സി- എസ് ടി വിഭാഗങ്ങൾക്കുമൊപ്പമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.(Ministers about Adoor Gopalakrishnan's controversial remark )
എന്നാൽ, അടൂരിൻ്റെ പരാമർശങ്ങളെ തള്ളുകയായിരുന്നു മന്ത്രി ആർ ബിന്ദു. നീതി നിഷേധിക്കപ്പെട്ടവർക്ക് അതുറപ്പാക്കാനുള്ള ഉത്തരവാദിത്വം സർക്കാരിന് ഉണ്ടെന്നും, അതിനാവശ്യമായ ഫണ്ട് സർക്കാർ നൽകുന്നതിൽ തെറ്റില്ല എന്നുമാണ് അവർ പറഞ്ഞത്. സിനിമ നിർമ്മിക്കുന്നത് പണച്ചിലവേറിയ പ്രക്രിയ ആണെന്നും അവർ ചൂണ്ടിക്കാട്ടി. ക്യാമറയുടെ നോട്ടം എന്നും പുരുഷ നോട്ടം ആണെന്നും, അതിന് ബദൽ നോട്ടം വേണമെന്നും അതിനായുള്ള ഇടം നമ്മൾ ഉണ്ടാക്കിയെടുക്കണമെന്നും മന്ത്രി പ്രതികരിച്ചു.
അതേസമയം, സംഭവത്തിൽ അടൂർ ഗോപാലകൃഷ്ണനെതിരെ പരാതി നൽകി. മ്യൂസിയം സ്റ്റേഷനിൽ പരാതി നൽകിയത് സാമൂഹിക പ്രവർത്തകനായ ദിനു വെയിൽ ആണ്. എസ് സി - എസ് ടി കമ്മീഷനും പരാതി നൽകിയിട്ടുണ്ട്. അദ്ദേഹം നടത്തിയ പരാമർശങ്ങൾ എസ് സി- എസ് ടി ആക്ട് പ്രകാരം കുറ്റകരമാണെന്നാണ് പരാതിയിൽ പറയുന്നത്. അടൂർ പറഞ്ഞത് പട്ടികജാതി വിഭാഗത്തിൽ നിന്ന് സിനിമയെടുക്കാൻ വരുന്നവർക്ക് ആദ്യം പരിശീലനം നൽകണമെന്നായിരുന്നു.
വെറുതെ പണം നൽകരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഒന്നരക്കോടി നൽകിയത് വളരെ കൂടുതൽ ആണെന്നും, സ്ത്രീകളായത് കൊണ്ട് മാത്രം അവസരം കൊടുക്കരുതെന്നും അടൂർ ചൂണ്ടിക്കാട്ടി.