ഓണാഘോഷം ഓഗസ്റ്റ് 30 മുതല്‍ സെപ്തംബര്‍ എട്ട് വരെ മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും

veena george
Published on

പത്തനംതിട്ട : ജില്ലയിലെ ഓണാഘോഷം ഓഗസ്റ്റ് 30 മുതല്‍ സെപ്തംബര്‍ എട്ടു വരെ വിപുലമായി ആഘോഷിക്കും. ഓണാഘോഷ വിളംബരജാഥ ഓഗസ്റ്റ് 30 വൈകിട്ട് നാലിന് സെന്റ് പീറ്റേഴ്‌സ് ജംഗ്ഷനില്‍ നിന്നും ആരംഭിച്ച് ടൗണ്‍ സ്‌ക്വയറില്‍ അവസാനിക്കും. വൈകിട്ട് അഞ്ചിന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും.

ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേര്‍ന്നു. ജനപങ്കാളിത്തം ഉറപ്പാക്കി വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ ആഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിക്കുമെന്ന് യോഗത്തില്‍ പങ്കെടുത്ത ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം പറഞ്ഞു. ഉദ്ഘാടന വിളംബര ഘോഷയാത്രയില്‍ ജില്ലയുടെ പ്രൗഡി വിളിച്ചോതുന്ന കലാരൂപങ്ങളും പ്രകടനങ്ങളും ഉള്‍പ്പെടുത്തും. ടൗണ്‍ സ്‌ക്വയര്‍ സാംസ്‌കാരിക പരിപാടിക്ക് വേദിയാകുമെന്ന് പത്തനംതിട്ട നഗരസഭാ ചെയര്‍മാന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈന്‍ പറഞ്ഞു. സംസ്ഥാനതലത്തില്‍ അവാര്‍ഡുകള്‍ കരസ്ഥമാക്കിയ ജില്ലയിലെ കലാകാരന്‍മാര്‍ അണിനിരക്കും.

നഗരസഭാ ചെയര്‍മാന്‍ അഡ്വ ടി. സക്കീര്‍ ഹുസൈന്‍ ചെയര്‍മാനായി സംഘാടകസമിതി രൂപീകരിച്ചു.

ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്, ആന്റോ ആന്റണി എംപി, നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, എംഎല്‍എമാരായ അഡ്വ. മാത്യു ടി തോമസ്, അഡ്വ കെ യു ജനീഷ് കുമാര്‍, അഡ്വ പ്രമോദ് നാരായണ്‍ എന്നിവര്‍ രക്ഷാധികാരികളാണ്.

ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ ജനറല്‍ കണ്‍വീനറും തിരുവല്ല സബ് കലക്ടര്‍, എഡിഎം, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍, ഡിടിപിസി സെക്രട്ടറി, ആര്‍ടിഒ, മുനിസിപ്പല്‍ സെക്രട്ടറി, വ്യാപാരി- ഹോട്ടല്‍ അസോസിയേഷന്‍ ഭാരവാഹികള്‍ എന്നിവര്‍ കണ്‍വീനര്‍മാരായും ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍ വൈസ് ചെയര്‍പേഴ്സന്‍മാരായും പ്രവര്‍ത്തിക്കും. സമാപന സമ്മേളനം സെപ്തംബര്‍ എട്ടിന് കോന്നിയില്‍. ജില്ലാ ഭരണകൂടവും ടൂറിസം വകുപ്പും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. യോഗത്തില്‍ എഡിഎം ബി ജ്യോതി, ഡിടിപിസി സെക്രട്ടറി കെ ആര്‍ ജയറാണി, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

Related Stories

No stories found.
Times Kerala
timeskerala.com