തിരുവനന്തപുരം: മൂന്നാമത്തെ ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ അറസ്റ്റിലായതിന് പിന്നാലെ, ആദ്യ പരാതിക്കാരിയായ യുവതിയുടെ കുറിപ്പ് പങ്കുവെച്ച് മന്ത്രി വീണ ജോർജ്. അതിജീവിതയുടെ വാക്കുകൾ അങ്ങേയറ്റം വേദനയുണ്ടാക്കുന്നതാണെന്നും നിശബ്ദമാക്കപ്പെട്ട ആ നിലവിളികൾക്ക് ഇപ്പോൾ ശബ്ദം ലഭിച്ചിരിക്കുകയാണെന്നും മന്ത്രി പ്രതികരിച്ചു.(Minister Veena George shares survivor's note on the Rahul Mamkootathil issue)
അതിജീവിതയുടെ പോസ്റ്റ് പങ്കുവെച്ചുകൊണ്ട് "ഹൃദയഭേദകം" എന്നാണ് മന്ത്രി വിശേഷിപ്പിച്ചത്. "നിസ്സഹായമായ, ശബ്ദരഹിതമായ ആ നിലവിളി അനേകരുടെ ശബ്ദത്തിലൂടെ പ്രതിധ്വനിക്കട്ടെ" എന്നും മന്ത്രി കൂട്ടിച്ചേർത്തു. പത്തനംതിട്ട സ്വദേശിയായ യുവതി നൽകിയ പരാതിയിൽ രാഹുൽ അറസ്റ്റിലായ സാഹചര്യത്തിൽ, നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിൽ സർക്കാർ അതിജീവിതയ്ക്കൊപ്പമുണ്ടെന്ന സൂചനയാണ് മന്ത്രിയുടെ വാക്കുകൾ നൽകുന്നത്.
താൻ അനുഭവിച്ച ക്രൂരതകളും വഞ്ചനയും അക്കമിട്ടു നിരത്തിയാണ് യുവതി ഫെയ്‌സ്ബുക്കിൽ കുറിച്ചത്. ലോകം കേൾക്കാതെ പോയ തന്റെ കരച്ചിലുകൾ ദൈവം കേട്ടുവെന്നും ഇരുട്ടിൽ നടന്ന പ്രവൃത്തികൾക്ക് ഒടുവിൽ നീതി ലഭിക്കുന്നുവെന്നും യുവതി പറയുന്നു.